ബംഗളൂരു: ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ‘മരിച്ചുപോയ’ ഭാര്യയെ ജീവനോടെ കണ്ടെത്തിയ കേസിൽ കുശാൽനഗർ സർക്ൾ ഇൻസ്പെക്ടർ ബി.ജി. പ്രകാശ്, യെൽവാൾ സബ് ഇൻസ്പെക്ടർ മഹേഷ് കുമാർ, ജയപുര സബ് ഇൻസ്പെക്ടർ പ്രകാശ് യട്ടിനാമനി എന്നീ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
അശ്രദ്ധ, കൃത്യവിലോപം, കൃത്രിമ തെളിവുകൾ, കോടതിയിൽ തെറ്റായ കുറ്റപത്രം സമർപ്പിക്കൽ, അന്വേഷണം വഴിതെറ്റിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (സതേൺ റേഞ്ച്) ഡോ. എം.ബി. ബോറലിംഗയ്യയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. മൂവർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
കേസിനെക്കുറിച്ച് വിശദീകരിച്ചതിൽ പ്രകോപിതനായ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യാൻ വാക്കാൽ നിർദേശങ്ങൾ നൽകിയിരുന്നു. ഡി.ഐ.ജി.പി ഉടൻ നടപ്പാക്കി. ഭാര്യയെ ‘കൊലപ്പെടുത്തിയ’ കേസിൽ സുരേഷിനെ കുറ്റമുക്തനാക്കിയ മൈസൂരു അഞ്ചാം അഡീ. ജില്ല സെഷൻസ് കോടതി മൈസൂരു നിയമ കോടതിയിലെ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസറോട് (സി.എ.ഒ) അന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബിജി പ്രകാശിനെതിരെ ക്രിമിനൽ പരാതി ഫയൽ ചെയ്യാൻ നിർദേശിച്ചിട്ടുമുണ്ട്.
2020 നവംബറിലാണ് കേസ് ആരംഭിക്കുന്നത്. കുശാൽനഗർ റൂറൽ പൊലീസ് സ്റ്റേഷനിൽ സുരേഷ് ഭാര്യയെ കാണാതായതായി പരാതി നൽകി. പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല. 2021 ജൂണിൽ പെരിയപട്ടണയിലെ ബെട്ടഡാപുര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരപരിധിയിൽ കണ്ടെത്തിയ അസ്ഥികൂടം തിരിച്ചറിയാൻ സുരേഷിനെ കൊണ്ടുവന്നു.
കാണാതായ ഭാര്യയുടേതാണെന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവ തിരിച്ചറിയാൻ അയാളെ നിർബന്ധിച്ചു. ബലപ്രയോഗത്തിലൂടെ ഭാര്യയുടെ കൊലപാതകം ഏറ്റുപറയിപ്പിച്ചു. തുടർന്ന് സുരേഷ് അറസ്റ്റിലായി. ഹൈകോടതിയിൽനിന്ന് ജാമ്യം ലഭിക്കുന്നതിനു മുമ്പ് രണ്ട് വർഷം ജയിലിൽ കിടന്നു. എന്നാൽ, നാടകീയ വഴിത്തിരിവിൽ കഴിഞ്ഞ ഏപ്രിൽ ഒന്നിന് സുരേഷിന്റെ സുഹൃത്തുക്കൾ ഭാര്യ മല്ലിഗെയെ കണ്ടെത്തി. മടിക്കേരി പൊലീസ് മല്ലിഗയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ കഴിഞ്ഞ അഞ്ച് വർഷമായി പൊന്നമ്പേട്ട് താലൂക്കിലെ ടി. ഷെട്ടിഗേരി ഗ്രാമത്തിൽ ഗണേഷിനൊപ്പം താമസിച്ചിരുന്നതായി മല്ലിഗെ സമ്മതിച്ചു. സുരേഷിനെ കോടതി കുറ്റമുക്തനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.