സിദ്ധരാമയ്യ
ബംഗളൂരു: നേതൃമാറ്റ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചൊവ്വാഴ്ച ഡൽഹിയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ കോൺഗ്രസ് ഹൈക്കമാൻഡ് തന്നെ ക്ഷണിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് യോഗമുണ്ടെന്ന് കെ.സി. വേണുഗോപാൽ ഞായറാഴ്ച അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിന്‍റെ അജണ്ടയെക്കുറിച്ച് തനിക്ക് യാതൊരറിവുമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നവംബറില്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തുടങ്ങിയ നേതൃമാറ്റ അഭ്യൂഹങ്ങള്‍ പൂർവാധികം ശക്തിയോടെ ഭരണകക്ഷിക്കിടയില്‍ തുടരുകയാണ്. ഹൈക്കമാന്‍ഡ് വിളിച്ചാല്‍ താന്‍ ഡല്‍ഹിയിലേക്ക് പോകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചപ്പോൾ സിദ്ധരാമയ്യയുമായുള്ള അധികാര പങ്കിടൽ കരാർ പാലിക്കണമെന്ന് ശിവകുമാറിന്‍റെ അനുയായികൾ ആവശ്യപ്പെട്ടിരുന്നു.
അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് സിദ്ധരാമയ്യ അടുത്തിടെ പറഞ്ഞിരുന്നു. എന്നിരുന്നാലും ഹൈക്കമാൻഡിന്‍റെ തീരുമാനം അനുസരിക്കുമെന്നും പാർട്ടി വിളിച്ചാൽ ഡൽഹിയിലെത്തി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം താൻ അനുസരിക്കുമെന്നും മുഖ്യമന്ത്രി മാറ്റവുമായി ബന്ധപ്പെട്ട ഫലം കാലം തെളിയിക്കുമെന്നും ശിവകുമാർ പറഞ്ഞു.
മന്ത്രിസഭ പുനഃസംഘടന നടത്തണമെന്നും നിലവിലുള്ള ചിലരെ മാറ്റി മറ്റുള്ളവര്‍ക്കും മന്ത്രിമാരായി സേവനമനുഷ്ഠിക്കാൻ അവസരം നൽകണമെന്നും മന്ത്രിസ്ഥാനം ആഗ്രഹിക്കുന്ന കോൺഗ്രസ് എം.എൽ.എമാരിൽ വലിയൊരു വിഭാഗത്തിൽ നിന്ന് ആവശ്യം ഉയർന്നു വന്നിരുന്നു. ഇതുസംബന്ധിച്ച് പാർട്ടി ഹൈക്കമാൻഡിനെ കാണാൻ ചില സ്ഥാനാർഥികൾ ഡൽഹിയിലേക്ക് പോയിട്ടുണ്ട്.
കോൺഗ്രസ് ഹൈക്കമാൻഡ് മന്ത്രിസഭാ പുനഃസംഘടനക്ക് അംഗീകാരം നൽകിയാൽ നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന സൂചന നൽകുമെന്നും ഇത് ശിവകുമാറിന്‍റെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാനുള്ള സാധ്യത കുറക്കുമെന്നും പാർട്ടിക്കുള്ളിലെ നിരവധി വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.