കൊടവമേ ബാലോ പദയാത്രയിൽനിന്ന്
മംഗളൂരു: കൊടവ സമുദായത്തിന്റെ ഭരണഘടനപരമായ അവകാശങ്ങൾക്കും തനത് സാംസ്കാരിക സ്വത്വത്തിനും വേണ്ടി വാദിച്ച് കുട്ടയിൽനിന്ന് മടിക്കേരിയിലേക്ക് നടത്തുന്ന ‘കൊടവമേ ബാലോ പദയാത്ര’ സമുദായ ശക്തി പ്രകടനമായി മുന്നേറുന്നു. കൊടവ, കൊടവ ഭാഷ സംസാരിക്കുന്നവർ സാമൂഹിക, സംഘടന, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് യാത്രയിൽ അണിനിരക്കുകയാണ്. ഞായറാഴ്ച ആരംഭിച്ച പദയാത്ര വെള്ളിയാഴ്ച മടിക്കേരിയിലെ ജില്ല ആസ്ഥാനത്ത് സമാപിക്കും. സമാപന റാലിയിൽ 40,000ത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു.
രാഷ്ട്രീയവും ഭരണപരവുമായ അവഗണന, അനിയന്ത്രിതമായ കുടിയേറ്റം, സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ നഷ്ടം, സ്വന്തം നാട്ടിൽ ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരാനുള്ള കൊടവക്കാരുടെ അവകാശ നിഷേധം എന്നിവക്കെതിരെയാണ് പദയാത്ര. പ്രാദേശിക മൂപ്പന്മാർ, സ്ത്രീകൾ, കുടുംബ നാഥർ, ഗ്രാമമൂപ്പന്മാർ, സമുദായ നേതാക്കൾ എന്നിവർ പദയാത്രക്ക് പിന്തുണയർപ്പിച്ചു.
പദയാത്രയിൽ പങ്കെടുക്കുന്നവർക്ക് വഴിയിലുടനീളം ഭക്ഷണവും താമസവും നൽകി. പരമ്പരാഗതമായി കുടുംബ നാഥന്മാരും പ്രായമായ സ്ത്രീകളും കാൽനടയാത്രക്കാരെ അനുഗ്രഹിക്കുന്ന വിവിധ സ്ഥലങ്ങളിൽ അവരെ സ്വാഗതം ചെയ്തു.രണ്ടാം ദിവസത്തെ പ്രധാന ആകർഷണം തുപ്പനാനിയിലും ബിലൂർ ജങ്ഷനിലും ഹുഡികേരിയിലേക്ക് നയിക്കുന്ന ചുവന്ന പരവതാനി സ്വീകരണമായിരുന്നു, അവിടെ കൊടവ സമാജത്തിൽ ഉച്ചഭക്ഷണം വിളമ്പി.
തീത്തിര കുടുംബത്തിൽനിന്ന് മാർച്ചുകൾക്ക് ഊഷ്മളമായ പിന്തുണ ലഭിച്ചു. മാപ്പില്ലേത്തോട് മുസ്ലിം കുടുംബം ഹൃദ്യമായ സ്വീകരണം നൽകി സമുദായാംഗങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് അവർ മാർച്ചിൽ പങ്കെടുത്തവർക്ക് ലഘുഭക്ഷണം, മോര്, ചായ, കാപ്പി എന്നിവ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.