ബച്ചെഗൗഡ
ബംഗളൂരു: ബി.ജെ.പി വർഗീയ പാർട്ടിയെന്ന് ചിക്കബല്ലാപൂർ എം.പിയും ബി.ജെ.പി നേതാവുമായ ബി.എൻ. ബച്ചെഗൗഡ. കർണാടകയിൽ ജെ.ഡി-എസുമായി ബി.ജെ.പി സഖ്യം തീർക്കുന്നത് സംബന്ധിച്ച പ്രതികരണത്തിലാണ് തന്റെ പാർട്ടി വർഗീയ പാർട്ടിയാണെന്ന് ബച്ചെഗൗഡ അഭിപ്രായപ്പെട്ടത്. ‘എച്ച്.ഡി. ദേവഗൗഡ ജീവിച്ചിരിക്കുമ്പോൾ ബി.ജെ.പിയുമായി ജെ.ഡി-എസ് കൂട്ടുചേരില്ലെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. ജെ.ഡി-എസിനെ പോലെയുള്ള ഒരു മതേതരത്വ പാർട്ടി വർഗീയപാർട്ടിയുമായി സഖ്യമുണ്ടാക്കിയത് ഞെട്ടിച്ചു. ഈ സഖ്യം ബി.ജെ.പിയെ തളർത്തും -ബച്ചെ ഗൗഡ പറഞ്ഞു.
ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തിലിരുന്ന പാർട്ടിയാണ്. യോഗ്യതയുള്ള നേതാക്കൾ പാർട്ടിയിലുണ്ട്. എന്നാൽ, ചില കാരണങ്ങളാൽ നിയമസഭയിലെയും നിയമ നിർമാണ കൗൺസിലിലെയും പ്രതിപക്ഷ നേതാക്കളെയും പാർട്ടി സംസ്ഥാന അധ്യക്ഷനെയും നിയമിച്ചിട്ടില്ല. ജെ.ഡി-എസുമായുള്ള സഖ്യം മുന്നിൽക്കണ്ടാകാം ചിലപ്പോൾ അവ പ്രഖ്യാപിക്കാതിരുന്നതെന്നും ബച്ചെഗൗഡ പറഞ്ഞു.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചിക്കബല്ലാപൂരിൽനിന്ന് കോൺഗ്രസിന്റെ എം. വീരപ്പ മൊയ്ലിയെ ബി.ജെ.പി ടിക്കറ്റിൽ പരാജയപ്പെടുത്തിയ ബച്ചെഗൗഡ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി- ജെ.ഡി-എസ് സഖ്യത്തിലെ ധാരണപ്രകാരം ചിക്കബല്ലാപൂർ സീറ്റ് ജെ.ഡി-എസിന് ബി.ജെ.പി വിട്ടുനൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.