ബംഗളൂരു ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ, പ്രമേയം സ്ത്രീ ശാക്തീകരണം

പതിനേഴാമത് ബംഗളൂരു ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ (BIFFES) ജനുവരി 29 മുതൽ ഫെബ്രുവരി ആറ് വരെ. കർണാടക ചലനചിത്ര അക്കാദമി, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മേളയിൽ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സിനിമകൾ പ്രദർശിപ്പിക്കും. 11 സ്‌ക്രീനുകളിലായി 400-ലധികം പ്രദർശനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്.

പ്രശസ്ത നടനും സംവിധായകനും നിർമാതാവുമായ പ്രകാശ് രാജാണ് മേളയുടെ ബ്രാൻഡ് അംബാസഡർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രകാശ് രാജിനെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനമായത്. സ്ത്രീ ശാക്തീകരണമായിരിക്കും ഈ വർഷത്തെ പതിപ്പിന്റെ കേന്ദ്ര പ്രമേയമെന്ന് സിദ്ധരാമയ്യ വെളിപ്പെടുത്തി.

മേളയുടെ ഏഷ്യൻ, ഇന്ത്യൻ, കന്നഡ സിനിമ മത്സര വിഭാഗങ്ങളിലേക്കുള്ള സിനിമകൾക്കുള്ള അപേക്ഷക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. 110-ലധികം സിനിമകളാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷ അയച്ചത്. മത്സര വിഭാഗങ്ങളിലുള്ള സിനിമകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബർ 31 ആണ്. ചലച്ചിത്രമേളയിൽ രാജാജിനഗറിലെ ലുലു മാളിലും, ബനശങ്കരിയിലെ ഡോ. രാജ്കുമാർ ഭവനിലും, ആർട്ടിസ്റ്റ് അസോസിയേഷൻ, ചാമരാജ്പേട്ട, സുചിത്ര ഫിലിം സൊസൈറ്റി തിയറ്ററുകളിലും സിനിമകൾ പ്രദർശിപ്പിക്കും.

ലോകമെമ്പാടുമുള്ള പ്രശസ്തമായ ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും വിവിധ അവാർഡുകളും അംഗീകാരങ്ങളും നേടുകയും ചെയ്ത മികച്ച സിനിമകൾ പതിനേഴാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. കാൻ (ഫ്രാൻസ്), ബെർലിൻ (ജർമനി), വെനീസ് (ഇറ്റലി), കാർലോവി വാരി (ചെക്ക് റിപ്പബ്ലിക്), ലൊക്കാർണോ (സ്വിറ്റ്സർലൻഡ്), റോട്ടർഡാം (നെതർലാൻഡ്സ്), ബുസാൻ (ദക്ഷിണ കൊറിയ), ടൊറന്റോ (കാനഡ) എന്നിവിടങ്ങളിലെ ചലച്ചിത്രമേളകളിൽ പങ്കെടുത്ത് അവാർഡുകളും അംഗീകാരങ്ങളും നേടിയ സിനിമകൾ ബംഗളൂരു ഫിലിം ഫെസ്റ്റിവലിൽ കാണാൻ കഴിയും. 

Tags:    
News Summary - Prakash Raj named Bengaluru International Film Festival's brand ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.