മംഗളൂരു: ടെലിഗ്രാം അധിഷ്ഠിത ജോലി, നിക്ഷേപ തട്ടിപ്പിലൂടെ ഉഡുപ്പി നിവാസി പ്രവീണിന് 12,38,750 രൂപ നഷ്ടപ്പെട്ടതായി പരാതി. ഒക്ടോബർ 22ന് ടെലിഗ്രാം ആപ് ബ്രൗസ് ചെയ്യുമ്പോൾ ലഭിച്ച ലിങ്കിൽ ക്ലിക്ക് ചെയ്താണ് തട്ടിപ്പിന് ഇരയായത്. വിവിധ തൊഴിൽ അവസരങ്ങളെയും നിക്ഷേപ പദ്ധതികളെയും കുറിച്ചുള്ള സന്ദേശങ്ങളാണ് ലിങ്കിൽ ഉണ്ടായിരുന്നത്. ഓഫറുകളിൽ ആകൃഷ്ടനായ പ്രവീൺ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും പിന്നീട് നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചുമായി (എൻ.എസ്.ഇ) ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഗ്രൂപ്പിൽ ചേർത്തു.
പിന്നീട്, വിശാൽ കുമാർ എന്ന വ്യക്തി അദ്ദേഹത്തെ ഹോട്ടൽ റേറ്റിങ്ങുകളും നിക്ഷേപ ലാഭവും കൈകാര്യം ചെയ്യുന്ന മറ്റൊരു ഗ്രൂപ്പിൽ ചേർത്തു. പ്രവീണിന് തുടക്കത്തിൽ മൂന്ന് ജോലി നൽകി. അവ പൂർത്തിയാക്കിയ ശേഷം, ഒരു ക്യു.ആർ കോഡ് ഉപയോഗിച്ച് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ആദ്യം 3900 രൂപ ട്രാൻസ്ഫർ ചെയ്തു, പകരം, തട്ടിപ്പുകാർ അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 8800 രൂപ ക്രെഡിറ്റ് ചെയ്തു. അങ്ങനെ അയാളുടെ വിശ്വാസം വളർന്നു.
ഒക്ടോബർ 22നും ഒക്ടോബർ 29നും ഇടയിൽ പ്രതികളുടെ നിർദേശം പാലിച്ച് പ്രവീൺ ക്യു.ആർ കോഡ് സ്കാനുകൾ, ആർ.ടി.ജി.എസ് ട്രാൻസ്ഫറുകൾ, ക്യാഷ് ഡെപ്പോസിറ്റുകൾ എന്നിവയിലൂടെ ഒന്നിലധികം പേമെന്റുകൾ നടത്തി -ആകെ 12,38,750 രൂപയുടെ നിക്ഷേപം.
എന്നാൽ, നിക്ഷേപിച്ച പണം തിരികെ നൽകുകയോ വാഗ്ദാനം ചെയ്ത ലാഭം നൽകുകയോ ചെയ്യാതെ പ്രതികൾ വഞ്ചിച്ചു. ഐ.ടി ആക്ടിലെ സെക്ഷൻ 66(സി), 66(ഡി) പ്രകാരവും ഭാരതീയ ന്യായ സംഹിത സെക്ഷൻ 318(4) പ്രകാരവും സി.ഇ.എൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.