മയക്കുമരുന്ന് നിരീക്ഷണ പോർട്ടൽ ഉദ്ഘാടനചടങ്ങില്‍ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു
ബംഗളൂരു: വിപണിയിൽ ലഭ്യമായ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി പുതിയ മോണിറ്ററിങ് പോർട്ടൽ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. ഈ സംവിധാനത്തിലൂടെ കുറഞ്ഞ ഗുണനിലവാരമുള്ള മരുന്നുകൾ വിപണിയില്‍ നിന്നും ഏറ്റവും വേഗത്തിൽ കണ്ടെത്താൻ കഴിയും. നിർമതാക്കളും വിൽപനക്കാരും നിലവാരമില്ലാത്ത മരുന്നുകൾ ഉടൻ പിൻവലിക്കുന്നതിനും സാങ്കേതികവിദ്യ സഹായിക്കും.
സ്റ്റോക്കിസ്റ്റുകളുടെയും ചില്ലറ വ്യാപാരികളുടെയും പക്കലുള്ള നിലവാരമില്ലാത്ത മരുന്നുകളുടെ ബാച്ചുകൾ ട്രാക്ക് ചെയ്യുന്നതിനായാണ് ഭക്ഷ്യസുരക്ഷ, ഔഷധ ഭരണ വകുപ്പ് പോർട്ടൽ വികസിപ്പിച്ചെടുത്തതെന്ന് അധികൃതർ പറഞ്ഞു. ഈ സംവിധാനത്തിലൂടെ തിരിച്ചറിഞ്ഞ എൻ.എസ്.ക്യു ബാച്ചുകൾ സ്വയംലോക്ക് ചെയ്യപ്പെടും. ഇത് ഉൽപന്നങ്ങള്‍ കൂടുതല്‍ വില്‍ക്കുന്നത് തടയും. നിലവിലുള്ള സ്റ്റോക്ക്, സ്റ്റോക്ക്-ഇൻ-ഹാൻഡ് വിശദാംശങ്ങൾ, വിതരണക്കാർക്ക് തിരികെ നൽകുന്ന അളവുകൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും പോർട്ടൽ വകുപ്പിന് നൽകും.
ഏതെങ്കിലും മരുന്ന് ശരിയായ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വാര്‍ത്തസമ്മേളനത്തിൽ പറഞ്ഞു. മുമ്പ് നിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയാലും അവയുടെ വിതരണം നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല പോര്‍ട്ടല്‍ മുഖേന ഇത്തരം മരുന്നുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കും.
ഏതെങ്കിലും മരുന്ന് നിലവാരമില്ലാത്തതായി തിരിച്ചറിഞ്ഞാല്‍ ഉടൻ അവയുടെ വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. മൊത്തക്കച്ചവടക്കാരുടെയും സ്റ്റോക്കിസ്റ്റുകളുടെയും ഡേറ്റാബേസുകളുമായി പോർട്ടൽ സംയോജിപ്പിച്ചിരിക്കുന്നു. നിലവിൽ 15,000 ത്തോളം സ്റ്റോക്കിസ്റ്റുകളും മൊത്തക്കച്ചവടക്കാരും ഈ സംവിധാനത്തിന്‍റെ ഭാഗമാണ്. അടുത്ത ഘട്ടത്തിൽ ഏകദേശം 45,000 ചില്ലറ വ്യാപാരികളെയും ഫാർമസിസ്റ്റുകളെയും ഡേറ്റബേസില്‍ ഉള്‍പ്പെടുത്തും.
ഒരു ബാച്ച് നിലവാരമില്ലാത്തതായി പ്രഖ്യാപിച്ചു അപ്‌ലോഡ് ചെയ്യുന്ന നിമിഷം മുതൽ സംസ്ഥാനം മുഴുവന്‍ എല്ലാ മൊത്തക്കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും സന്ദേശങ്ങൾ തൽക്ഷണം അയക്കും. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ ആ ബാച്ചിന്‍റെ വിൽപന സ്വയം നിർത്തും. അത് വെയർഹൗസുകളിലായാലും വിതരണ ശൃംഖലകളിലായാലും സ്റ്റോക്കിസ്റ്റുകളുടെ ഇൻവെന്‍റുകളിലായാലും സ്റ്റോക്ക് യാന്ത്രികമായി മരവിപ്പിക്കപ്പെടും. അവർക്ക് ആ മരുന്നുകൾ പിന്നീട് വിൽക്കാൻ സാധിക്കില്ല.
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്ന നാർക്കോട്ടിക്, സൈക്കോട്രോപിക് മരുന്നുകളുടെ വിതരണം നിരീക്ഷിക്കുന്നതിനും പോർട്ടൽ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മുമ്പ് ഫാർമസികൾ ഇത്തരം മരുന്നുകൾ വിൽക്കുമ്പോൾ, രോഗിയുടെ പേര്, ഡോക്ടറുടെ വിവരങ്ങൾ, കുറിപ്പടി എന്നിവ അടങ്ങിയ രേഖകൾ മാത്രമേ സൂക്ഷിക്കേണ്ടതുള്ളൂ. ഫാർമസികളിൽ നടത്തുന്ന പരിശോധനകളിൽ മാത്രമേ ക്രമക്കേടുകൾ പുറത്തുവരുമായിരുന്നുള്ളൂ.
പുതിയ സംവിധാനത്തിന് കീഴിൽ മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് മരുന്നുകൾ വിൽക്കുന്ന ഫാർമസികളുടെ എല്ലാ വിവരങ്ങളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ടെന്ന് റാവു പറഞ്ഞു. എവിടെ, എത്ര വിലക്ക് മരുന്ന് വിൽക്കുന്നു, ആരാണ് ഈ മരുന്നുകൾ വാങ്ങുന്നത്, ഒരാളുടെ പേരിൽ അമിതമായ അളവിൽ വിൽക്കുന്നുണ്ടോ, അല്ലെങ്കിൽ ഒരു പ്രത്യേക ഡോക്ടർ ഉയർന്ന അളവിൽ മരുന്നുകള്‍ നിർദ്ദേശിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് നിർമ്മാണം മുതൽ വിതരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുതാര്യത കൊണ്ടുവരികയും ഓരോ പൗരനും സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ചികിത്സ ലഭ്യമാക്കുകയുമാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.