മംഗളൂരു: നഗരത്തിലെ കാർ സ്ട്രീറ്റ് മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളിൽ ഓംകാര മുദ്രയുള്ള കാവിക്കൊടികൾ ഉയർത്തിയ സംഭവത്തിൽ വിശ്വഹിന്ദു പരിഷത്ത് നേതാക്കൾക്കെതിരെ ചുമത്തിയ കേസ് കർണാടക ഹൈകോടതി സ്റ്റേ ചെയ്തു.
വി.എച്ച്.പി ദക്ഷിണ കന്നട-ഉഡുപ്പി മേഖല സെക്രട്ടറി ശരൺ പമ്പുവെലിനും നേതാക്കൾക്കുമെതിരെ വ്യാഴാഴ്ച മംഗളൂരു സൗത്ത് പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ് വെള്ളിയാഴ്ച ജസ്റ്റിസ് ടി.ജി. ശിവശങ്കര ഗൗഡയുടെ ബെഞ്ച് സ്റ്റേ ചെയ്തത്.
മുതിർന്ന അഭിഭാഷകൻ എം. അരുൺ ശ്യാം മുഖേന ശരൺ പമ്പ് വെൽ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതി വിധി. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്ന് ഹരജിക്കാരൻ വാദിച്ചു. വിഷയത്തിൽ മംഗളൂരു സൗത്ത് പൊലീസ് ഇൻസ്പെക്ടർക്ക് ഹൈകോടതി നോട്ടീസ് അയച്ചു.
ഞായറാഴ്ച തുടങ്ങി ഈ മാസം 24ന് അവസാനിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട് ഒരുക്കിയ സ്റ്റാളുകളിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് കാവിക്കൊടികൾ ഉയർന്നത്. ശരണും സംഘവും പ്രചാരണം നടത്തി നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു ഇത്. ഹിന്ദു വ്യാപാരികളെ തിരിച്ചറിയാനുള്ള അടയാളമായിക്കണ്ട് ഹിന്ദു സമൂഹം ആ സ്റ്റാളുകളിൽനിന്ന് മാത്രം വ്യാപാരം നടത്തണം എന്ന ആഹ്വാനം പിറകെ വന്നു. ഇതേത്തുടർന്നാണ് ഇന്ത്യൻ ശിക്ഷാ നിയമം 153 പ്രകാരം വ്യാഴാഴ്ച കേസെടുത്തത്.
വാക്കുകൾ, ചിഹ്നങ്ങൾ, ചിത്രങ്ങൾ, അത്തരം സൂചനകൾ എന്നിവയിലൂടെ സമൂഹത്തിലെ വിവിധ ജാതി-മത-ഭാഷ വിഭാഗങ്ങൾക്കിടയിൽ പൊരുത്തക്കേട് സൃഷ്ടിക്കുകയും സാമൂഹിക ഐക്യവും സമാധാനവും നശിപ്പിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തിലെ സായുധ സംഘത്തെ മനഃപൂർവം സംഘർഷം സൃഷ്ടിക്കാനായി ഒരുക്കി നിർത്തുകയും ചെയ്യുക എന്ന കുറ്റമാണ് ഈ വകുപ്പിന് കീഴിൽ വരുക.
ശരണും സംഘവും നടത്തിയ വിദ്വേഷ പ്രവർത്തനം സംബന്ധിച്ച് മംഗളൂരു സൗത്ത് പൊലീസ് സബ് ഇൻസ്പെക്ടർ മനോഹർ പ്രസാദ് വിവരങ്ങൾ ശേഖരിച്ച് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മംഗളൂരുവിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ മുസ്ലിം വ്യാപാരികളെ ഒഴിവാക്കിയാണ് ഒമ്പത് ലക്ഷം രൂപക്ക് ക്ഷേത്ര കമ്മിറ്റി 71 സ്റ്റാളുകൾ ലേലം ചെയ്തിരുന്നത്.
ക്ഷേത്രത്തിൽനിന്ന് അകലെ ശേഷിച്ച സ്റ്റാളുകളിൽ 11 എണ്ണം പിന്നീട് ലേലം ചെയ്തതിൽ ആറ് എണ്ണം മുസ്ലിം കച്ചവടക്കാർക്ക് ലഭിച്ചിരുന്നു. ഇവയെ വേറിട്ട് നിർത്താനാണ് മറ്റ് സ്റ്റാളുകൾക്ക് മുന്നിൽ കാവിക്കൊടി കെട്ടാൻ സംഘ്പരിവാർ ആഹ്വാനം ചെയ്തത്. എന്നാൽ മുസ്ലിം വ്യാപാരികളെ പൂർണമായി ഒഴിവാക്കി എന്ന വാദം തെറ്റാണെന്നും ആറു മുസ്ലിംകൾക്ക് സ്റ്റാളുകൾ നൽകിയിരുന്നുവന്നും ഹരജിക്കാരൻ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.