ബംഗളൂരു: വിഖ്യാത മൈസൂരു ദസറ മഹോത്സവം വിജയദശമി ദിനമായ വ്യാഴാഴ്ച പ്രശസ്തമായ ജംബോ സവാരി, ടോർച്ച് ലൈറ്റ് പരേഡ് എന്നിവയോടെ സമാപിച്ചു. നാല് ലക്ഷത്തിലധികം പേർ ജംബോ സവാരി വീക്ഷിച്ചു. ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച 750 കിലോഗ്രാം സ്വർണം പൂശിയ ഹൗഡ വഹിച്ച് കാവേരി, രൂപ എന്നീ കുങ്കി ആനകളുടെ അരികിൽ രാജമാർഗത്തിൽ ഗാംഭീര്യത്തോടെ നടന്ന ആന അഭിമന്യു ആകർഷണ കേന്ദ്രമായി.
2012 മുതൽ ദസറ ഘോഷയാത്രയിൽ പങ്കെടുക്കുന്ന 59കാരനായ അഭിമന്യു ആറാം തവണയാണ് സ്വർണ ഹൗഡ വഹിച്ചത്. വൈകീട്ട് 4.40ഓടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൗഡയിൽ സൂക്ഷിച്ചിരുന്ന ചാമുണ്ഡേശ്വരി വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി മൈസൂരു കൊട്ടാരവളപ്പിലേക്കുള്ള അഭിമന്യുവിന്റെ യാത്രക്ക് തുടക്കം കുറിച്ചു.
പ്രത്യേക പരിശീലനം നേടിയ പൊലീസ് സായുധ സേന 21 വെടിയുണ്ടകളുതിർത്ത് പൈതൃക പീരങ്കി സല്യൂട്ട് നൽകി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പ, കന്നട സാംസ്കാരിക മന്ത്രി ശിവരാജ് എസ്. തങ്കഡഗി, എം.പിയും മൈസൂരു രാജകുടുംബാംഗവുമായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർ എന്നിവർ പങ്കെടുത്തു.
ഘോഷയാത്ര കാണാൻ മൈസൂരുവിൽ രാവിലെ മുതൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ഘോഷയാത്ര ആരംഭിക്കുന്നതുവരെ അവിടെ നിൽക്കാൻ കഴിയാത്തതിനാൽ ചിലർ മടങ്ങി. ദിവസം മുഴുവൻ മൂടിക്കെട്ടിയ കാലാവസ്ഥയും നേരിയ ചാറ്റൽ മഴയും ചൂടിനെ മറികടക്കാൻ സഹായിച്ചു.
ജംബോ സവാരിയിൽ ഹൗഡ വാഹകനായ അഭിമന്യു കൃഷ്ണരാജ സർക്കിളിൽ
പ്രമോദ ദേവി വാഡിയാർ, മൈസൂരു എം.പിയുടെ ഭാര്യ ത്രിഷിക കുമാരി വാഡിയാർ, മകൻ ആദ്യവീർ നരസിംഹരാജ വാഡിയാർ എന്നിവരുൾപ്പെടെ മുൻ രാജകുടുംബാംഗങ്ങൾ കൊട്ടാരത്തിൽനിന്ന് ഘോഷയാത്ര വീക്ഷിച്ചു.
ഉച്ചക്ക് 1.20ഓടെ കൊട്ടാരത്തിലെ ബലരാമ ഗേറ്റിന് സമീപം സിദ്ധരാമയ്യ നന്ദി ധ്വജ പൂജ നടത്തി ഘോഷയാത്രക്ക് തുടക്കംകുറിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ സിദ്ധരാമയ്യ ദസറ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുന്നത് ഇത് എട്ടാം തവണയാണ്.
ധനഞ്ജയ ആന പതാകവാഹകനായി (നിഷാനെ) ജംബൂ സവാരി നയിച്ചു. ഗോപി ആന ചിഹ്നവാഹകൻ (നൗപത്) ആയി. ബന്നിമണ്ഡപ ഗ്രൗണ്ടിൽ സമാപിച്ച ഘോഷയാത്രയിൽ 14 ആനകൾ പങ്കെടുത്തു. രാജ മാർഗ, ആൽബർട്ട് വിക്ടർ റോഡ്, കൃഷ്ണരാജ (കെ.ആർ) സർക്ൾ, സയ്യാജി റാവു റോഡ് വഴി അഞ്ച് കിലോമീറ്ററായിരുന്ന ഘോഷയാത്ര. മഹേന്ദ്ര, ലക്ഷ്മി, കാഞ്ചൻ, ഭീമ, ഏകലവ്യ, പ്രശാന്ത, സുഗ്രീവ, ഹേമാവതി എന്നീ ആനകളും അണിനിരന്നു.
ഘോഷയാത്രയിൽ 93 സാംസ്കാരിക സംഘങ്ങളും കർണാടകയിലുടനീളമുള്ള 58 നിശ്ചലദൃശ്യങ്ങളും ഉണ്ടായിരുന്നു. മഹാത്മാ ഗാന്ധിയുടെ ജീവിതവും കാലവും ഉൾപ്പെടെ വിവിധ വിഷയങ്ങൾ ചിത്രീകരിച്ചു. സംസ്ഥാന സർക്കാറിന്റെ അഞ്ച് ‘ഗാരന്റി’യും വിവിധ നേട്ടങ്ങളും ഇടം നേടി.
വിശിഷ്ട വ്യക്തികൾക്കും പാസ്, ഗോൾഡ് കാർഡ്, ടിക്കറ്റ് എന്നിവ കൈവശം വെച്ചവർ ഉൾപ്പെടെ 48,000 പേർ കൊട്ടാരവളപ്പിൽ ഘോഷയാത്ര വീക്ഷിച്ചു. ഗവർണർ താവർചന്ദ് ഗെഹ് ലോട്ടിന്റെ സാന്നിധ്യത്തിലാണ് ബന്നിമണ്ഡപ മൈതാനത്ത് ടോർച്ച് ലൈറ്റ് പരേഡ് നടന്നത്. ഘോഷയാത്ര കടന്നുപോകുന്ന വഴിയിൽ പൊലീസ് വിപുലമായ സുരക്ഷ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
കൂടുതൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുകയും നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തു. സെപ്റ്റംബർ 22ന് ചാമുണ്ഡി കുന്നിൽ അന്താരാഷ്ട്ര ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖാണ് ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.