മൈസൂരു സിറ്റി പൊലീസ് കമീഷണർ സീമ ലട്കർ

ബംഗളൂരു: ആശങ്കകളില്ലാതെ അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ മൈസൂരു പൊലീസിന്‍റെ സഹായം. അവധി ദിവസങ്ങളില്‍ വീടുകള്‍ സുരക്ഷിതമായി പൂട്ടി യാത്രപോകാന്‍ താമസക്കാരെ സഹായിക്കുന്ന ‘ലോക്ക്ഡ് ഹൗസ് ബീറ്റ് സിസ്റ്റം’ മൈസൂരു സിറ്റി പൊലീസ് ആരംഭിച്ചു. നഗരത്തിലുടനീളം പൂട്ടിയിട്ടിരിക്കുന്ന വീടുകളുടെ നിരീക്ഷണം ലക്ഷ്യമിട്ടുള്ള മുൻകരുതൽ സംരംഭമാണിത്. നഗരം വിട്ട് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന താമസക്കാർക്ക് 8277947777 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ് സന്ദേശം അയച്ച് പൊലീസിൽ തങ്ങളുടെ പൂട്ടിയ വീടുകൾ രജിസ്റ്റർ ചെയ്യാം.

വീട്ടുടമസ്ഥന്‍റെ പേര്, പൂർണ വിലാസം, പിൻ കോഡ്, കോൺടാക്റ്റ് നമ്പർ, പുറപ്പെടുന്ന ദിവസം, മടങ്ങിവരുന്ന ദിവസം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. കൂടാതെ നിരീക്ഷണത്തിനുള്ള എളുപ്പത്തിനായി വീടിന്‍റെ ഫോട്ടോ, ലൊക്കേഷൻ എന്നിവയും പങ്കിടണമെന്ന് പൊലീസ് പറഞ്ഞു. രജിസ്റ്റർ ചെയ്തുകഴിഞ്ഞ വീടിന്‍റെ വിവരങ്ങൾ അധികാരപരിധിയിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. പതിവ് പെട്രോളിങ് നടത്തുന്ന ഉദ്യോഗസ്ഥർക്ക് ഇവ കൈമാറും.

നഗരത്തിൽ പൂട്ടിയിട്ടിരിക്കുന്ന വീടുകൾ ലക്ഷ്യമിട്ടുള്ള മോഷണങ്ങൾ വർധിച്ചു വന്നതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ തീരുമാനം. സാധാരണയായി പുലർച്ചെ ഒരു മണിക്കും അഞ്ച് മണിക്കും ഇടയിലാണ് മിക്ക മോഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് പൊലീസ് വെളിപ്പെടുത്തി. ഇതിനെത്തുടർന്ന് റെസിഡൻഷ്യൽ ഏരിയകളിൽ പൊലീസ് ഉദ്യോഗസ്ഥർ രാത്രിയും പകലും പട്രോളിങ് നടത്തും.

ഒരു ദിവസത്തിൽ കൂടുതൽ വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്ന് താമസക്കാർ മുൻകൂട്ടി അറിയിച്ചാൽ അത്തരം വീടുകൾക്ക് മുൻഗണന നല്‍കും. രജിസ്റ്റർ ചെയ്ത വീടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ പതിവായി പരിശോധന നടത്തും. നഗരത്തിലെ സെൻസിറ്റീവ് പ്രദേശങ്ങളിൽ പൊലീസ് ‘ഏരിയ ഡോമിനേഷൻ ഡ്രൈവുകൾ’, സി.സി.ടി.വി നിരീക്ഷണം എന്നിവ ശക്തമാക്കിയിട്ടുണ്ടെന്ന് ഡോ. ഹർഷ പ്രിയംവദ പറഞ്ഞു.

ഡയറക്ടർ ജനറലിന്‍റെയും പൊലീസ് ഇൻസ്പെക്ടർ ജനറലിന്‍റെയും നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക്ക്ഡ് ഹൗസ് ബീറ്റ് സിസ്റ്റം നടപ്പാക്കിയത്. നിലവിൽ മൈസൂരു നഗരത്തിലുടനീളം പൂട്ടിയിട്ടിരിക്കുന്ന 81 വീടുകൾ നിരീക്ഷണത്തിലാണ്. നിരവധി ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ സംരംഭം സഹായിച്ചിട്ടുണ്ട്. സംവിധാനം കൂടുതൽ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുവെന്നും മൈസൂരു സിറ്റി പൊലീസ് കമീഷണർ സീമ ലട്കർ പറഞ്ഞു.

Tags:    
News Summary - Mysore Police's new security lock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.