പാക് പെൺകുട്ടി ഇഖ്റ ജീവാനിയും
മുലായം സിങ് യാദവും
ബംഗളൂരു: ഉത്തർപ്രദേശുകാരനായ മുലായം സിങ് യാദവ് എന്ന യുവാവിനെ കല്യാണം കഴിക്കാൻ പാകിസ്താനിൽനിന്ന് നിയമവിരുദ്ധമായി എത്തിയ 19കാരിയെ തിരിച്ചയച്ചു. ഇന്ത്യ-നേപ്പാൾ അതിർത്തി വഴിയാണ് ഇഖ്റ ജീവാനി ഇന്ത്യയിൽ എത്തിയതെന്ന് കരുതുന്നു. ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട 25കാരനായ യാദവിനൊപ്പം ജീവിക്കാനായിരുന്നു ഇത്. വിവാഹം കഴിച്ചെന്ന് പറയുന്ന ഇവർ കഴിഞ്ഞ നവംബർ 22ന് ബംഗളൂരുവിൽ എത്തി. ജുന്നസാന്ദ്രയിലെ അയ്യപ്പ ക്ഷേത്രത്തിനടുത്ത് വാടകവീടെടുത്ത് താമസം തുടങ്ങി. മുലായം സിങ് സെക്യൂരിറ്റിയായി ജോലിക്ക് പോവുകയും ചെയ്തു.
ഇതിനിടെ പെൺകുട്ടി പാകിസ്താനിലുള്ള കുടുംബത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ഇന്റലിജൻസ് ബ്യൂറോ അറിഞ്ഞു. ഇവർ ബംഗളൂരു പൊലീസിന് വിവരം കൈമാറി. പൗരത്വം സംബന്ധിച്ച് ഉറപ്പുവരുത്തിയ ശേഷം ഈ വർഷം ജനുവരിയിലാണ് പെൺകുട്ടിയെയും മുലായം സിങ്ങിനെയും അറസ്റ്റ് ചെയ്തത്. വാടകവീടിന്റെ ഉടമസ്ഥനായ ഗോവിന്ദ് റെഡ്ഡിയും പിടിയിലായി. വിദേശപൗരന്മാരുടെ റീജനൽ രജിസ്ട്രേഷൻ ഓഫിസിനെ പൊലീസ് വിവരമറിയിച്ചു. തുടർന്ന് ഇഖ്റയെ സർക്കാറിന്റെ സ്ത്രീകൾക്കുള്ള റിമാൻഡ് ഹോമിലേക്ക് അയച്ചു.
നടപടികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ചയാണ് പെൺകുട്ടിയെ വാഗ അതിർത്തിയിൽ പാക് സൈന്യത്തിന് കൈമാറിയത്. ബംഗളൂരു പൊലീസിന്റെ പ്രത്യേക സംഘവും അതിർത്തി ചെക്ക് പോസ്റ്റിൽ എത്തിയിരുന്നു. പെൺകുട്ടിക്ക് രമ യാദവ് എന്ന പേരിൽ മുലായം സിങ് യാദവ് ആധാർ കാർഡ് സംഘടിപ്പിച്ചിരുന്നു. തന്റെ ഭാര്യയാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷ നൽകിയിരുന്നതായും ബംഗളൂരു പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.