ബംഗളൂരു: സർഗാത്മക രചനകളിൽ ധാർമികമായ മൂല്യങ്ങൾകൂടി പരിരക്ഷിക്കപ്പെടണമെന്നും അത്തരം ഒരു ചിന്തകൂടി ഇടം നേടുമ്പോഴേ നവലോകം സാർഥകമാവുകയുള്ളൂവെന്നും പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ മുഹമ്മദ് ശമീം പറഞ്ഞു. തനിമ കലാസാഹിത്യവേദി ബംഗളൂരു ചാപ്റ്റർ ‘സർഗാത്മകത- ജീവിത താളങ്ങളിൽ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സാഹിത്യ സംവാദത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർഗാത്മക രചനകൾക്ക് വ്യത്യസ്തങ്ങളായ ജീവിതപശ്ചാത്തലങ്ങളെ കൂടുതൽ സൗന്ദര്യാത്മകവും സമരോത്സുകമായും അടയാളപ്പെടുത്താൻ കഴിയണം. ആവിഷ്കാരങ്ങളെ വിശകലനം ചെയ്യുകയും അപഗ്രഥിക്കപ്പെടുകയും ചെയ്യാൻ കഴിയണം. ഫലസ്തീൻപോലുളള അധിനിവേശയിടങ്ങിൽനിന്ന് വരുന്ന കവിതകളിൽ ലാവണ്യം കാണാൻ കഴിയില്ല, പ്രണയത്തിനുപോലും സമരത്തിന്റെ ചൂടുണ്ടാവും.
വേടനിൽ കൃത്യമായ കവിതയുണ്ട്. എഴുതുന്ന വരികളിൽ കത്തുന്ന തീയുണ്ട്. അഗ്നി നിറച്ച അക്ഷരങ്ങളിൽ കോർത്ത വേടന്റെ റാപ്പ് പ്രതിലോമശക്തികളെ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാറത്തഹള്ളി എഡിഫിസ് വണ്ണിൽ നടന്ന പരിപാടിയിൽ സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി, ഷമീർ മുഹമ്മദ്, മുഹമ്മദ് കുനിങ്ങാട്, സൗദ റഹ്മാന്‍, ജോജു, ബുഷ്റ വളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. തനിമ ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ആസിഫ് മടിവാള ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഹസീന ഷിയാസ് സ്വാഗതവും ഷംല നന്ദിയും പറഞ്ഞു. തനിമ മ്യൂസിക് വിങ് ഒരുക്കിയ സംഗീത സായാഹ്നത്തിന് ഷമ്മാസ് ഒലിയോത്തും സംഘവും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.