മംഗളൂരു: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും സദാചാര പൊലീസ് ചമഞ്ഞ് ഉപദ്രവിച്ചു എന്ന പരാതിയിൽ രണ്ടുപേരെ പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഡബ താലൂക്കിലെ കുഡ്മാരു ഗ്രാമത്തിൽ താമസിക്കുന്ന കെ. പുരുഷോത്തമ (43), പുത്തൂർ താലൂക്കിലെ ആര്യാപു ഗ്രാമത്തിൽ താമസിക്കുന്ന ആർ. രാമചന്ദ്ര (38) എന്നിവരാണ് അറസ്റ്റിലായത്.
ആൺകുട്ടിയുടെ പിതാവ് ഞായറാഴ്ച പുത്തൂർ സിറ്റി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് അറസ്റ്റ്. പുത്തൂരിന്റെ പ്രാന്തപ്രദേശത്തെ പ്രകൃതി നിരീക്ഷണകേന്ദ്രമായ ബിരാമലെ ഗുഡ്ഡയിലാണ് സംഭവം നടന്നത്. ഇരുചക്രവാഹനത്തിൽ സ്ഥലത്തെത്തിയ ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരു സംഘം തടഞ്ഞുനിർത്തി ഹെൽമറ്റ് പിടിച്ചുവാങ്ങി ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു.
ഇതിന്റെ വിഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആൺകുട്ടിയുടെ മതവിശ്വാസത്തെക്കുറിച്ച് സംഘം ചോദ്യം ചെയ്യുന്നതും ബ്യാരി ആണോ (പ്രദേശത്തെ മുസ്ലിംകളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന പദം) ആണോ എന്ന് ചോദിക്കുന്നതും ആൺകുട്ടിയെയും പെൺകുട്ടിയെയും സംഘം ഭീഷണിപ്പെടുത്തുന്നതും വിഡിയോയിൽ കാണാം.
ഈ സാഹചര്യത്തിൽ ഭയന്ന കുട്ടികൾ മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു. പുത്തൂർ കസ്ബ ഗ്രാമത്തിലെ ബിരാമലെ ബേട്ടയിൽ ഇരിക്കുമ്പോൾ തന്റെ പ്രായപൂർത്തിയാകാത്ത മകനെയും ഒരു പരിചയക്കാരിയായ പെൺകുട്ടിയേയും അജ്ഞാതരായ ആളുകൾ ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. ആ വ്യക്തികൾ മോശം ഭാഷ ഉപയോഗിച്ചുവെന്നും അവരുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. മറ്റൊരു മതത്തിൽപെട്ടയാളാണെന്ന് പറഞ്ഞ് തന്റെ മകനെ കൂടുതൽ അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പിന്നീട് വിഡിയോ വാട്ട്സ്ആപ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതോടെ കുട്ടി ഒരു പ്രത്യേക മതവിഭാഗത്തിൽപെട്ടയാളാണെന്ന് തിരിച്ചറിഞ്ഞു. സാമുദായിക സംഘർഷം ഉണ്ടാക്കുക, മതങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.