ബംഗളൂരു: മെഡികോ ലീഗല്‍ സര്‍ട്ടിഫിക്കറ്റ് (എം.എല്‍.സി.എസ്) , പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് (പി.എം.ആര്.എസ്) എന്നിവ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ മെഡ്ലീപ് ആർ (മെഡിക്കോ ലീഗൽ എക്സാമിനേഷൻ ആൻഡ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്) പോര്‍ട്ടല്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും നിര്‍ബന്ധമാക്കി സര്‍ക്കാര്‍.
ആശുപത്രികളില്‍നിന്നും വേഗത്തിലും കാര്യക്ഷമമായും റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുകയാണ് പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നത്. എം.എല്‍.സി.എസ് , പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ തയാറാക്കുന്നതിനും സമര്‍പ്പിക്കുന്നതിനും മാത്രമായി മെഡ്ലീപ് ആർ പോര്‍ട്ടല്‍ ഉപയോഗിക്കണം. എം.എല്‍.സി, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ കൈയെഴുത്ത് പ്രതികള്‍ ഇനി സ്വീകരിക്കുന്നതല്ല.
ആരോഗ്യ കുടുംബക്ഷേമ സേവനങ്ങൾക്ക് കീഴിൽ എം.എല്‍.സി, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ നൽകുന്ന മുഴുവന്‍ ഡോക്ടര്‍മാരും മെഡിക്കല്‍ ഓഫിസര്‍ മാരും പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്ട്രേഷനുകൾ ഔദ്യോഗിക ആശുപത്രി ഐ.ഡി യുടെ അടിസ്ഥാനത്തില്‍ നോഡല്‍ ഓഫിസര്‍ രണ്ടു ദിവസത്തിനകം പരിശോധിച്ചു അംഗീകരിക്കണം.
പോര്‍ട്ടല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനരഹിതമായാല്‍ ഡോക്ടര്‍മാര്‍ നിശ്ചിത ഫോര്‍മാറ്റില്‍ കമ്പ്യൂട്ടറില്‍ ടൈപ് ചെയ്ത റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുകയും 24 മണിക്കൂറിനകം പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയും വേണം. എം.എല്‍.സി, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവ തയാറാക്കിയാല്‍ ഏഴു ദിവസത്തിനകം തീർപ്പാക്കുകയും പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയും വേണം. സമയപരിധി കൃത്യമായി പാലിക്കണമെന്നും നിയമലംഘനങ്ങള്‍ ഗൗരവമായി കാണുമെന്നും വകുപ്പ് മേധാവികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.