ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരി ബാനു മുഷ്താക്ക് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ സമീപം
ബംഗളൂരു: ലോക പ്രശസ്തമായ മൈസൂരു ദസറക്ക് പ്രൗഢ തുടക്കം. ചാമുണ്ഡി ഹിൽസിലെ ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ മുഹൂർത്ത സമയമായ വൃശ്ചിക ലഗ്നത്തിൽ ചാമുണ്ഡി ദേവി വിഗ്രഹത്തിന് മുന്നിൽ പൂക്കളർപ്പിച്ച് സാഹിത്യകാരി ബാനു മുഷ്താഖ് ആഘോഷം ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ ബുക്കർ ഇന്റർനാഷനൽ അവാർഡ് ജേതാവ് കൂടിയായ ബാനു മുഷ്താഖിനെതിരെ ബി.ജെ.പി നടത്തിയ വിദ്വേഷ പ്രചാരണം ഇത്തവണ മൈസൂരു ദസറ ആഘോഷ വേദിയെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. ബാനു മുഷ്താഖിനെ ഉദ്ഘാടകയായി കർണാടക സർക്കാർ നിശ്ചയിച്ചതിൽ എതിർപ്പുമായി സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
തനിക്കെതിരെ ചില എതിർശബ്ദങ്ങൾ ഉയർന്നെങ്കിലും ചാമുണ്ഡേശ്വരി ദേവി, തന്നെ ചാമുണ്ഡിക്കുന്നിലെത്തിച്ചെന്ന് ബാനു മുഷ്താഖ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ആ അനുഗ്രഹാശിസ്സുകളോടെയാണ് ഈ വേദിയിൽ നിൽക്കുന്നതെന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരവാണിതെന്നും അവർ പറഞ്ഞു. ഇത് നമ്മുടെ നാടിന്റെ സംസ്കാരത്തിന്റെയും സൗഹാർദത്തിന്റെയും ആഘോഷമാണ്. ഈ മണ്ണിൽ ജനിച്ച ഒരോരുത്തർക്കും ഈ ആഘോഷത്തിൽ പങ്കുകൊള്ളാൻ യോഗ്യതയുണ്ടെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ആഘോഷമാണിതെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു മുസ്‍ലിം വനിത എന്നതിലപ്പുറം ബാനു മുഷ്താഖ് മനുഷ്യനാണെന്നും നമ്മളെല്ലാവരും അതേ മനുഷ്യത്വത്തിന്റെ ഭാഗമാണെന്നും പരസ്പരം സ്നേഹിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ അത് മനുഷ്യത്വമല്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ദസറ ഏതെങ്കിലുമൊരു മതത്തിന്റെയോ ജാതിയുടെയോ ആഘോഷമല്ല. ബാനു മുഷ്താഖ് മുസ്‍ലിം വനിതയായിരിക്കുമ്പോഴും കന്നട കവയിത്രിയും എഴുത്തുകാരിയുമാണ്. കന്നട സാഹിത്യത്തെ അഭിമാന നെറുകയിലെത്തിച്ചവരാണ് അവർ. നമ്മൾ ക്ഷേത്രങ്ങൾക്കും ചർച്ചുകൾക്കും പള്ളികൾക്കും മുകളിൽ ഉയരണമെന്നാണ് രാഷ്ട്രകവി കുവെമ്പു പറഞ്ഞത്.
മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ സമൂഹം വിഭജിക്കപ്പെടരുതെന്നും ചരിത്രത്തെ വളച്ചൊടിക്കലും സ്വാർഥതാൽപര്യ രാഷ്ട്രീയവും മാപ്പില്ലാത്ത കുറ്റമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒക്ടോബർ മൂന്നിന് ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം ആനയിച്ചുള്ള ജംബോ സവാരിയോടെ ആഘോഷത്തിന് സമാപനമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.