വനിത നേതാക്കൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു
മംഗളൂരു: ധർമസ്ഥല ഗ്രാമത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കൊലപാതകങ്ങളെയും അസ്വാഭാവിക മരണങ്ങളെയും കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ‘കൊണ്ടവരു യരു?’ (കൊലയാളികൾ ആരാണ്?) മുദ്രാവാക്യവുമായി വിവിധ വനിത സംഘടന നേതാക്കൾ പ്രചാരണം ആരംഭിച്ചു. 2012ൽ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പി.യു കോളജ് വിദ്യാർഥിനി സൗജന്യയുടെ (17) മാതാവ് കുസുമാവതിയെ സംഘം സന്ദർശിച്ചു.
പ്രതിഷേധം ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് സംഘത്തെ നയിക്കുന്ന സ്ത്രീ വിമോചക ചമ്പ മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ തങ്ങൾ മതത്തിന്റെയും ജാതിയുടെയും അതിരുകൾക്കപ്പുറം പോരാടുകയാണ്. തങ്ങൾക്ക് രാഷ്ട്രീയ അജണ്ടയില്ല. രാജ്യത്തുടനീളം നടക്കുന്ന കൊലപാതകങ്ങളെയും ബലാത്സംഗങ്ങളെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ചോദ്യം ചെയ്യുന്നു. ധർമസ്ഥലയിൽ ജീവൻ നഷ്ടപ്പെടുകയും നിശ്ശബ്ദമായി കുഴിച്ചുമൂടപ്പെടുകയും ചെയ്യപ്പെട്ടവർക്ക് നീതി ലഭിക്കണം. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സംരക്ഷണം നൽകണം.
എസ്.ഐ.ടി കുടുംബങ്ങൾക്ക് ആശ്വാസം നൽകുകയും പിന്തുണക്കുകയും വേണം. ചില പരാതികൾ എസ്.ഐ.ടി സ്വീകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. അത്തരം വീഴ്ചകൾ അനുവദിക്കരുത്. എസ്.ഐ.ടി അന്വേഷണം തുടരണം. മുഖ്യമന്ത്രിക്കും സംസ്ഥാന വനിത കമീഷൻ ചെയർപേഴ്‌സനും തങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ധർമസ്ഥലയിലെ സാക്ഷിയുടെ വെളിപ്പെടുത്തലിൽ മാത്രം അന്വേഷണം ഒതുക്കരുത്. ഗ്രാമത്തിലെ എല്ലാ അസ്വാഭാവിക മരണങ്ങളിലും കാണാതായ കേസുകളിലും സമഗ്ര അന്വേഷണം നടത്തണം. വേദവല്ലി, പത്മലത, സൗജന്യ, ആനപ്പട്ടാളം നാരായണൻ, സഹോദരി യമുന എന്നിവരുടെ മരണത്തിന് പിന്നിലെ സത്യം വെളിച്ചത്തുകൊണ്ടുവരണം. എസ്.ഐ.ടി അന്വേഷണം വഴിതെറ്റിയാൽ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുമെന്നും ചമ്പ പറഞ്ഞു. ജ്യോതി അനന്ത സുബ്ബറാവു, ശശികല ഷെട്ടി, ഗീത സുരത്കൽ, മമത, സുരേഖ, ഷൈലജ, മല്ലിഗെ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.