സൽദാന, കാസ്റ്റലിനോ
മംഗളൂരു: ധർമസ്ഥല ശവസംസ്കാര വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ആർ. അശോക് ഉന്നയിച്ച ആരോപണങ്ങൾ മംഗളൂരു രൂപതയിലെ പബ്ലിക് റിലേഷൻസ് ഓഫിസർമാരായ ഫാ. ജെ.ബി. സൽദാനയും റോയ് കാസ്റ്റലിനോയും ശനിയാഴ്ച വാർത്തസമ്മേളനത്തിൽ നിഷേധിച്ചു. ധർമസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചതായി ആരോപിച്ച മുഖംമൂടി ധരിച്ച അജ്ഞാത വ്യക്തി വിദേശ ഫണ്ട് സ്വീകരിച്ച് ക്രിസ്ത്യൻ മതം മാറിയ ആളാണെന്ന് ആർ. അശോക് ഉന്നയിച്ച അവകാശവാദങ്ങൾ രൂപത തള്ളി. പ്രതിപക്ഷ നേതാവിന്റെ പരാമർശങ്ങൾ ബാലിശമാണ്. ഉത്തരവാദിത്തമുള്ള സ്ഥാനം വഹിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല അത്. പ്രതിപക്ഷ നേതാവ് ഒരു തെളിവുമില്ലാതെ പ്രസ്താവന നടത്തരുത്.
ധർമസ്ഥല സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ ക്രിസ്ത്യൻ സെമിത്തേരികളുടെ പ്രശ്നം ഉന്നയിച്ച മുൻ കേന്ദ്രമന്ത്രി ബി. ജനാർദന പൂജാരി നടത്തിയ അഭിപ്രായങ്ങളെയും രൂപത വിമർശിച്ചു. ക്രിസ്ത്യൻ ശ്മശാന സ്ഥലങ്ങൾ കർശനമായ പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടെന്നും സംസ്കരിക്കുന്ന ഓരോ മൃതദേഹത്തിനും കൃത്യമായ രേഖകൾ സൂക്ഷിക്കുന്നുണ്ടെന്നും ഫാ. സൽദാന വ്യക്തമാക്കി.
അജ്ഞാതമോ അവകാശികളില്ലാത്തതോ ആയ മൃതദേഹങ്ങൾ ഒരിക്കലും ക്രിസ്ത്യൻ സെമിത്തേരികളിൽ സംസ്കരിക്കാറില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, അതത് സഭയിലെ അംഗങ്ങളുടെ മൃതദേഹങ്ങൾ മാത്രമേ പള്ളി സെമിത്തേരികളിൽ സംസ്കരിക്കുന്നുള്ളൂവെന്നും മറ്റു പള്ളികളിലെ അംഗങ്ങളെപ്പോലും അവിടെ സംസ്കരിക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം തുടർന്നു. ക്രിസ്ത്യൻ ശ്മശാന സ്ഥലങ്ങളെക്കുറിച്ച് ഒരു അറിവുമില്ലാതെയാണ് ജനാർദന പൂജാരി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഞങ്ങൾ കരുതുന്നു. അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു -കാസ്റ്റലിനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.