ബംഗളൂരു: മാണ്ഡ്യ ലോക്സഭ മണ്ഡലത്തിൽനിന്നുള്ള സ്വതന്ത്ര എം.പി സുമലത അംബരീഷ് ബി.ജെ.പിയിൽ ചേരുമെന്ന് സൂചന. ബി.ജെ.പി നേതാവും എം.എൽ.സിയുമായ സി.പി. യോഗേശ്വറാണ് ഇതു സംബന്ധിച്ച പുതിയ പ്രസ്താവനയുമായി രംഗത്തുവന്നത്.
സുമലത ബി.ജെ.പിയിൽ ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് മാണ്ഡ്യയിലെ മദ്ദൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് സുമലതയുമായി ബി.ജെ.പി ദേശീയ നേതാക്കൾ ആദ്യഘട്ട ചർച്ച നടത്തിയതായും വെളിപ്പെടുത്തിയ അദ്ദേഹം, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അവർ ബി.ജെ.പിയിൽ ചേരുമെന്നും വ്യക്തമാക്കി.
കോൺഗ്രസ് നേതാവായിരുന്ന അംബരീഷിന്റെ മരണശേഷം രാഷ്ട്രീയരംഗത്തിറങ്ങിയ സുമലത, 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സീറ്റിനായി സമീപിച്ചിരുന്നെങ്കിലും നൽകിയിരുന്നില്ല. കോൺഗ്രസും ജെ.ഡി-എസും സഖ്യമായിരുന്നതിനാൽ ധാരണ പ്രകാരം, മാണ്ഡ്യ സീറ്റ് ജെ.ഡി-എസിലെ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിക്ക് നീക്കിവെച്ചിരുന്നു. ഇതോടെ സ്വതന്ത്രയായി മത്സരിച്ച സുമലതക്ക് ബി.ജെ.പി പിന്തുണ നൽകുകയും നിഖിലിനെ തോൽപിച്ച് സുമലത ലോക്സഭയിലെത്തുകയും ചെയ്തു. പിന്നീട് ബി.ജെ.പിയോട് അടുപ്പം പുലർത്തിയ അവർ, കോൺഗ്രസിനെയും ജെ.ഡി-എസിനെയും വിമർശിക്കാൻ മടികാണിച്ചിരുന്നില്ല. എന്നാൽ, സുമലതക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയവരിൽ പ്രാദേശിക കോൺഗ്രസ്, ജെ.ഡി-എസ് നേതാക്കളുമുണ്ടായിരിക്കെ ബി.ജെ.പിയിൽ ചേർന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ അംബരീഷ് അനുയായികളുടെ പൂർണ പിന്തുണ ലഭിക്കുമോ എന്ന് കണ്ടറിയേണ്ടിവരും. സുമലത നേരത്തെ മലയാള സിനിമയിലുൾപ്പെടെ നായിക കഥാപാത്രമായും മറ്റും അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.