മൊബൈൽ ഉപേക്ഷിക്കൂ; പുസ്തകം എടുക്കൂ കാമ്പയിനുമായി വിദ്യാഭ്യാസ വകുപ്പ്

ബംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ആസക്തി തടയാൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് കാമ്പയിൻ ആരംഭിച്ചു. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ്, സ്ത്രീ-ശിശുക്ഷേമം, ആരോഗ്യ-കുടുംബക്ഷേമം, പൊലീസ് വകുപ്പുകൾ എന്നിവയും ചേർന്നാണ് പ്രചാരണം.

കുട്ടികളിൽ മൊബൈൽ ഫോണിനോടുള്ള ആസക്തി ഒഴിവാക്കാൻ കുട്ടികളിൽ വായനശീലം വളർത്തിയെടുക്കുന്നതിനായി സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ‘മൊബൈൽ ബിഡി-പുസ്തക ഹിഡി (ഫോൺ ഉപേക്ഷിക്കുക, ഒരു പുസ്തകം എടുക്കുക)’ എന്ന കാമ്പയിനാണ് ആരംഭിച്ചത്. മൊബൈൽ ഫോണിനോടുള്ള ആസക്തിയിൽനിന്ന് വിദ്യാർഥികളെ മോചിപ്പിക്കാൻ സഹായിക്കണമെന്ന് സ്കൂൾ മാനേജ്മെന്റിനോടും അതത് സ്കൂൾ വികസന നിരീക്ഷണ സമിതികളോടും (എസ്.ഡി.എം.സി) വകുപ്പ് സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ പ്രചാരണത്തിനായി പൊലീസിന്റെയും സൈക്യാട്രിസ്റ്റുകളുടെയും സഹായം തേടാനും വകുപ്പ് നിർദേശിച്ചു. മൊബൈൽ ഫോണുകളുടെ വർധിച്ചുവരുന്ന ഉപയോഗം കായികം ഉൾപ്പെടെയുള്ള അക്കാദമിക്, ശാരീരിക പ്രവർത്തനങ്ങളിൽ കുട്ടികൾക്ക് താൽപര്യം നഷ്ടപ്പെടാൻ കാരണമായി. ഈ ആസക്തിക്ക് ഒരു ഇടവേള നൽകേണ്ടതുണ്ട് -വകുപ്പിന്റെ സർക്കുലറിൽ പറയുന്നു. കുട്ടികൾ പുസ്തകങ്ങൾ വായിക്കാൻ വിമുഖത കാണിക്കുന്നതിന് കാരണം മൊബൈൽ ഫോണുകളോടുള്ള ആസക്തിയാണെന്നും സർക്കുലറിൽ പറയുന്നു.

2025ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ പ്രചാരണം പ്രഖ്യാപിച്ചത്. കുട്ടികളുടെ കൂടെയുള്ളപ്പോൾ മൊബൈൽ ഫോണുകൾക്കൊപ്പം ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

കുട്ടികളോടൊപ്പമുള്ളപ്പോൾ പോലും പല മാതാപിതാക്കളും മൊബൈൽ ഫോണുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാറുണ്ട്. എല്ലാ മാതാപിതാക്കളും മൊബൈൽ ഫോണുകൾക്ക് അടിമകളല്ല, പക്ഷേ, കുട്ടികൾ വീട്ടിലുള്ളപ്പോഴെങ്കിലും ഫോണുകളിൽനിന്ന് അകന്നുനിൽക്കുകയും പകരം ഒരു പുസ്തകം കൈവശം വെക്കുകയും ചെയ്യണമെന്നാണ് ഞങ്ങളുടെ അഭ്യർഥന. -വിദ്യാഭ്യാസ ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    
News Summary - Education Department Launches ‘Drop Your Mobile Phone, Pick Up a Book’ Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.