കര്‍ണാടകയില്‍ നിയന്ത്രണങ്ങളോടെ സഫാരി പുനരാരംഭിച്ചു

ബംഗളൂരു: ജനവാസ മേഖലകളിലെ വന്യജീവി സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സഫാരി നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചു. വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. മൈസൂരു, കുടക്, ചാമരാജനഗർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. മൈസൂരു ജില്ലയിൽ 2025 നവംബർ ഏഴിന് കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചതിനെത്തുടർന്നാണ് നാഗര്‍ഹോള, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ സഫാരി പ്രവർത്തനങ്ങൾ നിർത്തിവെച്ചത്.

നവംബർ ഏഴിന് മുമ്പ് ഉണ്ടായിരുന്ന സഫാരി വാഹനങ്ങളുടെയും ജീവനക്കാരുടെയും 50 ശതമാനം മാത്രമേ സഫാരിക്കായി ഉപയോഗിക്കാന്‍ പാടുള്ളൂ. കാമ്പറുകളും ജീപ്പുകളും പരമാവധി കുറച്ച് ബസുകൾ വഴി മാത്രമേ സഫാരി യാത്ര നടത്താന്‍ പാടുള്ളൂ. ബന്ദിപ്പൂരിലും നാഗർഹോളയിലും സംഘർഷ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തി പട്രോളിങ് ശക്തമാക്കണം. വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ പ്രവേശിക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കണം.

ബന്ദിപ്പൂർ അതിർത്തിയിലെ 100 കിലോമീറ്റർ ദൂരം ഹൈസെൻസിറ്റിവ് മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്; ഇവിടെ അഞ്ച് കിലോമീറ്റർ ഇടവിട്ട് 25 ക്യാമ്പുകൾ സ്ഥാപിക്കണം. വന്യജീവികളുടെ ചലനം നിരീക്ഷിക്കുന്നതിനായി ഓരോ ക്യാമ്പിലും പ്രദേശവാസികളെ ‘ഫോറസ്റ്റ് ഫ്രണ്ട്’ എന്ന രീതിയില്‍ നിയമിക്കും.

ഹൈസെൻസിറ്റിവ് മേഖലയില്‍ തെർമൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിനും വാഹനങ്ങൾ പ്രവേശിക്കുന്നതിനും രേഖാമൂലമുള്ള അനുമതി സമർപ്പിക്കണം. സഫാരിയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്‍റെ 35 ശതമാനം അതിർത്തി ഗ്രാമങ്ങളിലെ യുവാക്കൾക്ക് തൊഴില്‍ നൈപുണ്യ പരിശീലനം, കന്നുകാലി തീറ്റ വിതരണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവക്കായി ഉപയോഗിക്കണം. ഇ-പട്രോളിങ് സോഫ്റ്റ്‌വെയർ സംവിധാനവും ഇ-സ്ട്രൈപ് സംവിധാനവും ഉപയോഗിക്കണം. ഇന്‍റഗ്രേറ്റഡ് കമാൻഡ് സെന്‍ററിൽ വന്യജീവികളുടെ ചലനം നിരീക്ഷിക്കുകയും ഫീൽഡ് സ്റ്റാഫിന് ഉടനടി നിർദേശങ്ങൾ നൽകുകയും വേണം.

1926 എന്ന ഹെൽപ് ലൈനിലൂടെ ലഭിക്കുന്ന പരാതികൾ ഉടനടി പരിഹരിക്കണം. വേനൽക്കാലത്ത് നാഗർഹോള, ബന്ദിപ്പൂർ, ബിലിഗിരി രംഗനാഥ കുന്നുകൾ എന്നിവിടങ്ങളിൽ കാട്ടുതീ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും ദൗർലഭ്യംമൂലം വന്യജീവികൾ കാടുകളിൽനിന്ന് അലഞ്ഞുതിരിയുന്നില്ലെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Safaris resume in Karnataka with restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.