ബംഗളൂരു: ഭാഷാ ന്യൂനപക്ഷ വിദ്യാർഥികൾക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അതിർത്തിയിലെ മലയാളി വിദ്യാർഥികൾക്കുകൂടി ലഭ്യമാകുംവിധം ന്യൂനപക്ഷ ഭാഷകളിൽ മലയാളവും ഉൾപ്പെടുത്തണമെന്ന് ശിവമൊഗ്ഗ മലയാളി സമാജം ആവശ്യപ്പെട്ടു. സമാജം പ്രസിഡന്റ് എൻ.ഡി. സതീഷ് ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി, പ്രൈമറി വിദ്യാഭ്യാസ മന്ത്രി, പരീക്ഷ അതോറിറ്റി എന്നിവർക്ക് നിവേദനം നൽകി. കർണാടക പരീക്ഷ അതോറിറ്റി 2026ലെ സി.ഇ.ടി കോമൺ എൻട്രൻസ് പരീക്ഷയെക്കുറിച്ച് പുറത്തിറക്കിയ മാന്വൽ പ്രകാരം പ്രീ-യൂനിവേഴ്സിറ്റി സയൻസ് സ്ട്രീമിൽ പഠിക്കുന്ന സയൻസ് വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്നുണ്ട്. കർണാടകയിൽ ഒന്ന് മുതൽ 10 വരെ ക്ലാസ് തുടർച്ചയായി പഠിച്ച കർണാടകയിലെ ഭാഷാ ന്യൂനപക്ഷ കുട്ടികൾക്ക് നൽകുന്ന ആനുകൂല്യം സംബന്ധിച്ചാണിത്.
ഈ മാന്വലിലെ 22ാം പേജിൽ 19ാം ഇനത്തിൽ (മെഡിക്കൽ, ഡെന്റൽ സീറ്റിന് മാത്രം ഭാഷാ ന്യൂനപക്ഷം) ഭാഷാ ന്യൂനപക്ഷങ്ങൾ (തമിഴ്, തെലുങ്ക്, കൊടവ, തുളു) എന്ന് പറയുന്നുണ്ട്. എന്നാൽ, ഇതിൽ കർണാടകയുടെ അതിർത്തി ഭാഷയും സഹോദര ഭാഷയുമായ മലയാളം ഉൾപ്പെട്ടിട്ടില്ല. കർണാടക-കേരള അതിർത്തിയായ ദക്ഷിണ കന്നട ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും പഠിക്കുന്ന മലയാളം സംസാരിക്കുന്ന കുട്ടികളോട് ചെയ്യുന്ന അന്യായമാണിതെന്ന് സമാജം പറഞ്ഞു. ഭാഷാ ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ മലയാളം ഭാഷയെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.