മംഗളൂരു: കാസർകോട് ജില്ലയിലെ വൊർക്കടിയിൽ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മെൽവിൻ മൊണ്ടീറോവിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ബൈന്ദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൽത്തോടിലെ ബയതിയാനിക്ക് സമീപത്തുനിന്നാണ് അറസ്റ്റ്. അന്വേഷണത്തിനായി മഞ്ചേശ്വരം പൊലീസിന് കൈമാറി. വൊർക്കാടി നല്ലങ്ങിപ്പടവ് സ്വദേശിയും പരേതനായ ലൂയിസ് മൊണ്ടീറോയുടെ മകനുമായ മെൽവിൻ വ്യാഴാഴ്ച രാവിലെ തന്റെ മാതാവ് ഹിൽഡ മൊണ്ടീറോയെ (59) വീട്ടിൽ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരുന്നു. സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു പൊലീസ്.
മാതാവിനെ കൊലപ്പെടുത്തിയശേഷം മെൽവിൻ അയൽവാസിയും ബന്ധുവുമായ വിക്ടറിന്റെ ഭാര്യ ലോലിറ്റയുടെ (30) വീട്ടിലെത്തി തന്റെ മാതാവിനെ കാണാനില്ലെന്ന് പറഞ്ഞു. ലോലിത ഹിൽഡയെ കാണാൻ ഓടിയെത്തിയപ്പോൾ, അയാൾ അവളെയും തീകൊളുത്തി എന്നാണ് ആരോപണം. ലോലിതക്ക് ഗുരുതരമായി പൊള്ളലേറ്റതിനെതുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ മെൽവിനും ഹിൽഡയും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഹിൽഡയുടെ ഇളയ മകൻ ആൽവിൻ അടുത്തിടെ ജോലിക്കായി കുവൈത്തിലേക്ക് പോയിരുന്നു.
കുറ്റകൃത്യം ചെയ്തശേഷം മെൽവിൻ ഓട്ടോറിക്ഷയിൽ ഹൊസങ്കടിയിലേക്ക് രക്ഷപ്പെടുകയും പിന്നീട് മംഗളൂരുവിലേക്ക് ബസിൽ കയറുകയും ചെയ്യുകയായിരുന്നു. ബൈന്ദൂർ എസ്.ഐ ബി.എൻ. തിമ്മേഷ്, കൊല്ലൂർ എസ്.ഐ കെ. വിനയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. നാഗേന്ദ്ര (കൊല്ലൂർ), പറയ മഠപതി, മാലപ്പ ദേശായി, ചിദാനന്ദ (ബൈന്ദൂർ) എന്നീ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.