മഹേഷ് ഷെട്ടി തിമറോഡി
മംഗളൂരു: ധർമസ്ഥല സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ ഹിന്ദു ജാഗരണ വേദികെയുടെ സ്ഥാപക പ്രസിഡന്റുമായ മഹേഷ് ഷെട്ടി തിമറോഡിയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.അറസ്റ്റിനുശേഷം വ്യാഴാഴ്ച ബ്രഹ്മാവർ പൊലീസ് തിമറോഡിയെ ബ്രഹ്മാവർ താലൂക്ക് മൊബൈൽ കോടതിയിൽ ഹാജരാക്കി. അദ്ദേഹത്തിന്റെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നിരസിക്കുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയും ചെയ്തു.
ജാമ്യാപേക്ഷയിൽ മറ്റന്നാൾ വാദം കേൾക്കുമെന്ന് തിമറോഡിയുടെ അഭിഭാഷകൻ വിജയ വാസു മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തിമറോഡിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തിമറോഡിക്ക് ഉയർന്ന രക്തസമ്മർദമുണ്ടെന്നും അദ്ദേഹത്തിന് മരുന്നുകൾ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റപത്രത്തിന്റെ കാഠിന്യം വാസു എടുത്തുകാണിച്ചു. ഏഴുവർഷം വരെ പരമാവധി ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
ആഗസ്റ്റ് 23 വരെ നിലവിലുള്ള ജുഡീഷ്യൽ കസ്റ്റഡി ഉത്തരവിനെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ഈ ഘട്ടത്തിൽ ജാമ്യം ലഭിക്കാനുള്ള ബുദ്ധിമുട്ടിനെയും അദ്ദേഹം അംഗീകരിച്ചു. എന്നാൽ, തിങ്കളാഴ്ച വരാനിരിക്കുന്ന വാദം കേൾക്കലിൽ ജാമ്യം ലഭിക്കുമെന്ന് വാസു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ‘‘തിങ്കളാഴ്ച തിമറോഡിക്ക് ജാമ്യം ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അത് ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ആത്മാർഥമായ ശ്രമങ്ങളും നടത്തും.’’
ബി.എൽ. സന്തോഷ് നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും വാസു വാദിച്ചു. ആഗസ്റ്റ് 16 മുതൽ വിഡിയോ പ്രചരിച്ചിട്ടും കാര്യമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.