'ഹിന്ദി പഠിക്കണം, അല്ലെങ്കിൽ പണിനിർത്തി പോകണം'; ബംഗളൂരുവിൽ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സൊമാറ്റോ മാനേജർക്കെതിരെ കേസ്
ബംഗളൂരു: ഒന്നുകിൽ ഹിന്ദി പഠിക്കുക, അല്ലെങ്കിൽ ജോലി വിട്ടുപോകുക എന്ന് കന്നഡ സംസാരിക്കുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തിയ സൊമാറ്റോ വെയർഹൗസ് മാനേജർക്കെതിരെ പൊലീസ് കേസെടുത്തു. നെലമംഗലയ്ക്ക് സമീപമുള്ള മദനായകനഹള്ളിയിൽ പ്രവർത്തിക്കുന്ന സൊമാറ്റോയുടെ വെയർഹൗസിലെ ഷിഫ്റ്റ് മാനേജറും ആന്ധ്രാപ്രദേശ് സ്വദേശിയുമായ അശോക് മുത്തയ്യക്കെതിരെയാണ് (31) നടപടിയെടുത്തത്.
തൊഴിലാളികളുമായുള്ള മീറ്റിംഗിനിടെ അശോക് ഹിന്ദിയിൽ സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടെ, കന്നഡയിൽ സംസാരിക്കാൻ ഒരു തൊഴിലാളി ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പ്രകോപിതനായത്. കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച മാനേജർ, ജോലിയിൽ തുടരണമെങ്കിൽ തൊഴിലാളികൾ ഹിന്ദി പഠിക്കണമെന്നും അല്ലാത്തപക്ഷം പണിനിർത്തി പോകണമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കന്നഡ അനുകൂല സംഘടനാ പ്രവർത്തകർ വെയർഹൗസിന് മുന്നിൽ തടിച്ചുകൂടുകയും മാനേജർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് വിഷയത്തിൽ ഇടപെടുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് അശോക് പിന്നീട് തന്റെ പെരുമാറ്റത്തിൽ മാപ്പപേക്ഷിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കർണാടകയിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്നാരോപിച്ച് പ്രാദേശിക ഭാഷാ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സൊമാറ്റോ വെയർഹൗസിലെ ഈ പുതിയ സംഭവം വിവാദമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.