അക്ഷരശ്ലോക കൂട്ടായ്മയുടെ ആദ്യ സമ്മേളനത്തില്‍ നിന്ന്

അക്ഷരശ്ലോക പാരമ്പര്യത്തിന് പുതുജീവൻ; സമിതിക്ക് തുടക്കം

ബംഗളൂരു: നഗരത്തിലെ മലയാളി സമൂഹത്തിൽ അക്ഷരശ്ലോക പാരമ്പര്യം ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച അക്ഷരശ്ലോക കൂട്ടായ്മയുടെ ഔപചാരിക ഉദ്ഘാടനവും ആദ്യ സമ്മേളനവും ഇന്ദിരാനഗർ ഇ.സി.എ ക്ലബ്ബില്‍ നടന്നു. കൈരളി ടി.വിയിലെ ‘മാമ്പഴം’ പരിപാടിയിലൂടെ ശ്രദ്ധേയയായ നീതു കുറ്റിമാക്കലും മലയാള മിഷന്‍ അക്കാദമിക് കോഓഡിനേറ്ററായ മീരാ നാരായണനും ചേർന്നാണ് കൂട്ടായ്മക്ക് തുടക്കമിട്ടത്.

ഉത്തര കേരള അക്ഷരശ്ലോക സമിതിയുടെ സ്ഥാപക നേതാവ് വി.എം. ഉണ്ണികൃഷ്ണൻ നമ്പീശൻ ഉദ്ഘാടനം നിർവഹിച്ചു. നീതു കുറ്റിമാക്കൽ രൂപകൽപ്പന ചെയ്ത ലോഗോ നാരായണൻ നമ്പീശനും കെ. പി. ഗോപാലകൃഷ്ണനും ചേർന്ന് പ്രകാശനം ചെയ്തു. നാരായണൻ നമ്പീശൻ ആശംസാപ്രസംഗം നടത്തി. 1970-കളിൽ ഇ.സി.എ ക്ലബ്ബില്‍ അരങ്ങേറിയിരുന്ന അക്ഷരശ്ലോക സായാഹ്നങ്ങളുടെ ഓർമകൾ കെ.പി. ഗോപാലകൃഷ്ണൻ പങ്കുവെച്ചു.

തുടർന്ന് നടന്ന ശ്ലോകസദസ്സിൽ മുതിർന്ന അക്ഷരശ്ലോക വിദഗ്ധ കെ. ഭാഗീരഥിയമ്മ, 2006 മുതൽ ഓൺലൈൻ അക്ഷരശ്ലോക വേദികളിൽ സജീവമായ മൗണ്ട് കാർമൽ കോളജ് സംസ്കൃത വിഭാഗം മേധാവി ഡോ. ജ്യോതിർമയി, വൃന്ദ, ഗായത്രി, സമസ്യാപൂരണങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ മനു എന്നിവർ പങ്കെടുത്തു. ഹരിദാസ് നേതൃത്വം നല്‍കി. കൂട്ടായ്മയുടെ ഓൺലൈൻ മീഡിയ കോ-ഓഡിനേറ്ററായി മീരാ നാരായണനെ തെരഞ്ഞെടുത്തു. ലത കെ. നമ്പൂതിരി നന്ദി പറഞ്ഞു. വിശദ വിവരങ്ങള്‍ക്ക്: 97391 99292.

Tags:    
News Summary - Aksharshloka community started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.