ബംഗളൂരു മെട്രോപൊളിറ്റൻ മേഖലക്ക് 10-15 വർഷത്തെ സംയോജിത വികസന പദ്ധതി നടപ്പാക്കും -മുഖ്യമന്ത്രി
ബംഗളൂരു: ബംഗളൂരു മെട്രോ പൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്‍റ് അതോറിറ്റിക്ക് (ബി.എം.ആർ.ഡിഎ) കീഴിലുള്ള പ്രദേശങ്ങൾക്കായി കണക്റ്റിവിറ്റി, പാര്‍പ്പിടം, ജലവിതരണം, വ്യാവസായിക വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി 10-15 വർഷത്തെ സംയോജിത വികസന പദ്ധതി തയ്യാറാക്കി വരികയാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തിങ്കളാഴ്ച പറഞ്ഞു.
ബംഗളൂരു മെട്രോപൊളിറ്റൻ മേഖലയുടെ (ബി.എം.ആർ) സാമ്പത്തിക വികസനത്തെക്കുറിച്ചുള്ള ഉപദേശക സമിതിയുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2037ഓടെ സമ്പദ്‌വ്യവസ്ഥയെ 400-420 ബില്യൺ യു.എസ് ഡോളറായും 2047 ഓടെ ഒരു ട്രില്യൺ യു.എസ് ഡോളറായും ഉയർത്തുക എന്ന സംസ്ഥാനത്തിന്‍റെ ലക്ഷ്യം പദ്ധതി മുഖേന പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ബി.എം.ആറിൽ ഒമ്പത് പുതിയ സംയോജിത വ്യാവസായിക ടൗൺഷിപ്പുകൾ വികസിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി 7,900 ഏക്കർ ഏറ്റെടുത്തു കഴിഞ്ഞു, 5,600 ഏക്കർ കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒരു എ.ഐ സിറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സിംഗപ്പൂരിലെ പുങ്‌ഗോളിന്‍റെ മാതൃകയിൽ ഇത് വികസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള വിതരണവും ഭൂഗർഭ ഡ്രെയിനേജും മെച്ചപ്പെടുത്തുന്നതിനായി ഘട്ടം ഘട്ടമായി ബംഗളൂരുവിലെ അര്‍ബന്‍ ജില്ലയെ മുഴുവൻ ബംഗളൂരു ജലവിതരണ, മലിനജല ബോർഡിന്‍റെ (ബി.ഡബ്ല്യു.എസ്.എസ്.ബി) കീഴിൽ കൊണ്ടുവരാനും സർക്കാർ പദ്ധതിയിടുന്നു. ബംഗളൂരു അര്‍ബന്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങളും നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിയിൽ കൊണ്ടുവരും.
ജില്ലയിലുടനീളമുള്ള ജലവിതരണ, മലിനജല അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ സർക്കാറിന്‍റെ നീക്കം സഹായിക്കുമെന്ന് ഗ്രേറ്റർ ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. ബംഗളൂരു നഗരത്തിനും അതിന്‍റെ പ്രാന്തപ്രദേശങ്ങൾക്കും വേണ്ടിയുള്ള സമഗ്രമായ ഗതാഗത പദ്ധതി യോഗം ചർച്ച ചെയ്തു. 2037 ആകുമ്പോഴേക്കും മെട്രോ ശൃംഖല 312 കിലോമീറ്റർ കൂടി വികസിപ്പിക്കാനും 72 കിലോമീറ്റർ സബർബൻ റെയിൽ കണക്റ്റിവിറ്റി കൂട്ടിച്ചേർക്കാനും സർക്കാർ പദ്ധതിയിടുന്നു.
10 ഹബുകളെ ബന്ധിപ്പിക്കുന്ന 210 കിലോമീറ്റർ പുതിയ റിങ് റോഡിനുള്ള പദ്ധതികളും പെരിഫറൽ റിങ് റോഡിന്‍റെ രണ്ടാം ഘട്ടത്തെ നൈസ് റോഡുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശവും ചർച്ച ചെയ്തു. ബംഗളൂരു-തുംകൂർ, ബംഗളൂരു-മൈസൂരു, ബംഗളൂരു-കെ.ജി.എഫ് ഇടനാഴികളെ ബന്ധിപ്പിക്കുന്ന 270 കിലോമീറ്റർ റീജ്യണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) ഇടനാഴി വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉയർന്നുവന്നു. മുംബൈ-ബംഗളൂരു അതിവേഗ റെയിൽ ഇടനാഴി മൈസൂരു വരെ നീട്ടുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
2037 ആകുമ്പോഴേക്കും ബി.എം.ആറിന് പ്രതിദിനം ഏകദേശം 3,600 ദശലക്ഷം ലിറ്റർ (എം.എൽ.ഡി) വെള്ളം ആവശ്യമായി വരുമെന്ന് യോഗത്തിൽ പറഞ്ഞു. കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കാൻ ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അടുത്ത ദശകത്തിൽ സംസ്കരിച്ച മലിനജലത്തിന്‍റെ പുനരുപയോഗത്തിനും തടാകങ്ങൾ പുനഃരുജ്ജീവിപ്പിക്കുന്നതിനുമുള്ള നടപടികൾക്ക് ഊന്നൽ നൽകി. ജനങ്ങൾക്ക് മിതമായ വിലയിൽ വീട് നൽകുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന 40,000-50,000 തൊഴിലാളികൾക്ക് പാർപ്പിട സൗകര്യങ്ങൾ ഉൾപ്പെടെ ഏകദേശം 6-6.5 ലക്ഷം വീടുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ എം.ബി. പാട്ടീൽ, കൃഷ്ണ ബൈര ഗൗഡ, പ്രിയങ്ക് ഖാർഗെ, ബൈരതി സുരേഷ്, എം.പി. ജി.സി. ചന്ദ്രശേഖർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.