വഖഫ് ചട്ടങ്ങൾ അന്തിമമാക്കാൻ കർണാടക; മന്ത്രി യു.ടി. ഖാദറിന്റെ നേതൃത്വത്തിൽ 16 അംഗ സമിതിക്ക് രൂപംനൽകി

ബംഗളൂരു: കേന്ദ്ര സർക്കാർ ​കൊണ്ടുവന്ന ഉമീദ് (യൂനിഫൈഡ് വഖഫ് മാനേജ്‌മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്‌മെന്റ്) നിയമത്തിന് കീഴിൽ സംസ്ഥാന വഖഫ് ചട്ടങ്ങൾ അന്തിമമാക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നൽകി കർണാടക സർക്കാർ. മലയാളിയും സംസ്ഥാന ആരോഗ്യ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രിയുമായ യു.ടി. ഖാദറിനെ 16 അംഗ സമിതിയുടെ അധ്യക്ഷനായി നിയമിച്ചു.

കോൺഗ്രസ് ശക്തമായി എതിർത്തിരുന്ന 2025-ലെ കേന്ദ്ര നിയമം, ചട്ടങ്ങൾ രൂപീകരിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. കർണാടക ഇതിനകം കരട് ചട്ടങ്ങൾ തയാറാക്കിയതാണ്. ഇവ ഖാദറിന്റെ നേതൃത്വത്തിലുള്ള സമിതി വിശദമായി പരിശോധിച്ച് അന്തിമ രൂപം നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. 

കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവന്നതിനു പിന്നാലെ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ വഖഫ് ചട്ടങ്ങൾ അന്തിമമാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. 

കാസർകോട് ഉപ്പള സ്വദേശിയായ യു.ടി. ഖാദർ, മംഗളൂരുവിൽ നിന്ന് അഞ്ചു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധരാമയ്യയുടെ ആദ്യ മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ചു. കഴിഞ്ഞ തവണ സിദ്ധരാമയ്യ മുഖ്യമന്ത്രിയായപ്പോൾ, നിയമസഭാ സ്പീക്കറുടെ ചുമതലയാണ് വഹിച്ചത്. ഡി.കെ. ശിവകുമാർ അധികാരമേറ്റപ്പോൾ വീണ്ടും ആരോഗ്യ വകുപ്പിന്റെ ചുമതല നൽകി.

പിതാവും മുൻ എം.എൽ.എയുമായിരുന്ന യു.ടി. ഫരീദിന്റെ വിയോഗത്തെ തുടർന്ന് 2007 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് യു.ടി. ഖാദർ ആദ്യം കർണാടക നിയമസഭയിൽ എത്തിയത്. അന്ന് ഉള്ളാൾ മണ്ഡലമെന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം ഇപ്പോൾ മംഗളൂരു നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണ്. പിതാവിന്റെ വിയോഗത്തോടെ കോൺഗ്രസിൽ ന്യൂനപക്ഷ മുഖമായി ഉയർന്ന ഖാദർ, പിന്നീട് കർണാടക രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.