1. ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവർ ഫോട്ടോക്ക് പോസ് ചെയ്യുന്നു 2. ലാൽബാഗിൽ ആരംഭിച്ച പുഷ്പമേളയിൽ മഹർഷി വാല്മീകിയുടെ ആശ്രമം ഒരുക്കിയപ്പോൾ
ബംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലാൽബാഗിൽ സംഘടിപ്പിക്കുന്ന 217ാമത് പുഷ്പമേള മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. വാല്മീകി മഹർഷിയുടെ പ്രതിമയിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, രാമലിംഗ റെഡ്ഡി, എസ്.എസ്. മല്ലികാർജുൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇത്തവണത്തെ പുഷ്പമേളയിൽ വാല്മീകി മഹർഷിയാണ് പ്രമേയം. മഹർഷിയുടെ രചനകളെയും ജീവിതത്തെയും ഓർമപ്പെടുത്തുന്ന ചെടികളുടെയും പൂക്കളുടെയും അലങ്കാരങ്ങൾ സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ പ്രദർശനങ്ങൾക്കായി ഏകദേശം 25 ലക്ഷം പൂക്കൾ അണിനിരത്തിയിട്ടുണ്ട്. പ്രദർശനങ്ങൾക്കായി കർണാടകക്ക് പുറമെ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള പുഷ്പങ്ങൾ ഉപയോഗിക്കുന്നുണ്ട്.
ലാൽബാഗിൽ ആരംഭിച്ച പുഷ്പമേളയിൽനിന്ന്
ഏകദേശം 10 ലക്ഷം സന്ദർശകരെയാണ് സംഘാടകരായ ഹോർട്ടികൾച്ചർ വകുപ്പ് പ്രതീക്ഷിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ 120 സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ലാൽബാഗിന് സമീപത്തെ റോഡുകളിൽ പ്രത്യേക പാർക്കിങ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 27ന് പുഷ്പമേള സമാപിക്കും. രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെയാണ് സന്ദർശക സമയം. മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
പുഷ്പമേളക്കെത്തുന്ന സന്ദർശകർക്കായുള്ള പാർക്കിങ് ഏരിയകൾ: ഡോ. മാരിഗൗഡ റോഡ്: അൽഅമീൻ കോളജ് പരിസരം (ഇരുചക്ര വാഹനങ്ങൾ), കെ.എച്ച് ഡബ്ൾ റോഡ്: ശാന്തിനഗർ ബി.എം.ടി.സി ബഹുനില പാർക്കിങ് സ്ഥലം (ഇരുചക്ര, നാലുചക്ര വാഹനങ്ങൾ), ഡോ. മാരിഗൗഡ റോഡിലെ ഹോപ്കോംസ്: ഇരുചക്ര, നാലുചക്ര വാഹനങ്ങൾ; ജെസി റോഡ്: കോർപറേഷൻ പാർക്കിങ് സ്ഥലം (ഇരുചക്ര, നാലുചക്ര വാഹനങ്ങൾ).
താഴെപ്പറയുന്ന സ്ഥലങ്ങളിൽ വാഹന പാർക്കിങ് നിരോധിച്ചതായും ട്രാഫിക് പൊലീസ് അറിയിച്ചു.
ലാൽബാഗ് മെയിൻ ഗേറ്റ് മുതൽ നിംഹാൻസ് വരെയുള്ള ഡോ. മാരിഗൗഡ റോഡ് (ഇരുവശവും), കെ.എച്ച് സർക്കിളിൽനിന്ന് ശാന്തിനഗർ ജങ്ഷൻ വരെയുള്ള കെ.എച്ച് ഡബ്ൾ റോഡ് (ഇരുവശവും); സുബ്ബയ്യ സർക്കിളിൽനിന്ന് ലാൽബാഗ് മെയിൻ ഗേറ്റ് വരെയുള്ള ലാൽബാഗ് റോഡ് (ഇരുവശവും); ഉർവശി തിയറ്റർ ജങ്ഷനിൽനിന്ന് വിൽസൺ ഗാർഡൻ 12ാം ക്രോസ് വരെയുള്ള സിദ്ധയ്യ റോഡ് (ഇരുവശവും); ബി.എം.ടി.സി ജങ്ഷനിൽ നിന്ന് പോസ്റ്റ് ഓഫിസ് വരെയും ക്രുംബിഗൽ റോഡിന്റെ ഇരുവശവും വരെയുള്ള ബി.ടി.എസ് റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.