മടിക്കേരിയിൽ നടന്ന കൊടവ റാലി
മംഗളൂരു: ആറ് ദിവസത്തെ പദയാത്രക്ക് സമാപനം കുറിച്ച് മടിക്കേരിയിൽ നടന്ന റാലി കുടക് ജില്ലയിൽ കൊടവ സമുദായ കരുത്തറിയിച്ചു. സമുദായത്തിന്റെ ഭരണഘടന, സാംസ്കാരിക അവകാശങ്ങൾ ഉയർത്തി സംഘടിപ്പിച്ച 83 കിലോമീറ്റർ പദയാത്രക്ക് അഖില കൊടവ സമാജമാണ് നേതൃത്വം നൽകിയത്. കുടകിൽനിന്നും മൈസൂരു, ബംഗളൂരു തുടങ്ങിയ പരിസര പ്രദേശങ്ങളിൽനിന്നും പരമ്പരാഗത കൊടവ വസ്ത്രം ധരിച്ച പതിനായിരങ്ങൾ രാവിലെ ആറു മുതൽതന്നെ നൂറുകണക്കിന് വാഹനങ്ങളിലായി മടിക്കേരിയിൽ എത്തിത്തുടങ്ങിയിരുന്നു.
ഭാഗമണ്ഡല, ചേരമ്പാനെ, നാപോക്ലു, കക്കബെ, അപ്പംഗള, ബേട്ടഗേരി, മടപുര, കുശാൽനഗർ, മുട്ലു, ഹച്ചിനാട്, ഹമ്മിയാല, ഗലിബിഡു, കെ. നിഡുഗനെ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കാൽനടയായി എത്തിയ ആയിരങ്ങൾ മാർച്ചിൽ അണിചേർന്നു.
കൊടവ റാലി
മടിക്കേരിയിലെ ജനറൽ തിമ്മയ്യ സർക്ൾ ഉൾപ്പെടെ വിവിധ പ്രവേശന കവാടങ്ങളിൽ ഒത്തുകൂടിയശേഷം മംഗേര മുത്തണ്ണ സർക്ൾ, പോസ്റ്റ് ഓഫിസ്, പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ജൂനിയർ കോളജ് റോഡ് വഴി ജനറൽ തിമ്മയ്യ ജില്ല സ്റ്റേഡിയത്തിന് സമീപം മൈതാനിയിൽ സമാപിച്ചു. പരിപാടിയുടെ സുരക്ഷയും സുഗമമായ നടത്തിപ്പും ഉറപ്പാക്കാൻ കുടക് പൊലീസ് വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എസ്.പി, എ.എസ്.പി എന്നിവർക്കൊപ്പം ആറ് ഡിവൈ.എസ്.പിമാർ, 18 പൊലീസ് ഇൻസ്പെക്ടർമാർ, 35 എസ്.ഐമാർ, 55 എ.എസ്.ഐമാർ, 430 ഹെഡ് കോൺസ്റ്റബ്ൾമാർ, 100 കെ.എസ്.ആർ.പി, ഡി.എ.ആറിൽനിന്നുള്ള 70 പേരും ഉൾപ്പെടുന്ന സംഘം ഉൾപ്പെടെ അഞ്ച് പ്ലാറ്റൂണുകൾ പട്ടണത്തിലുടനീളം നിലയുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.