ബംഗളൂരു: കർണാടക എക്സാമിനേഷൻ അതോറിറ്റിയുടെ (കെ.ഇ.എ) പരീക്ഷയിൽ നടന്ന ക്രമക്കേട് കേസിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. മുഖ്യ സൂത്രധാരനായ നേരത്തേ പിടിയിലായ ആർ.ഡി. പാട്ടീലിനെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. മഹാരാഷ്ട്രയിലെ അക്കാൽകോട്ടിൽ നിന്ന് പിടിയിലായ ഇയാളെ കലബുറഗി കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മുമ്പ് പിടിയിലായ ത്രിമൂർത്തി, സലിം, സന്തോഷ്, അംബരീഷ്, സാഗർ എന്നിവരെയും കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. എട്ട് കേന്ദ്രങ്ങളിലായി ഒക്ടോബറിൽ നടന്ന പരീക്ഷയിലാണ് വ്യാപക ക്രമക്കേട് നടന്നത്. പരീക്ഷയെഴുതുന്നവർക്ക് ബ്ലൂ ടൂത്ത് വഴിയും മറ്റും പുറത്തുനിന്ന് ഉത്തരങ്ങൾ എത്തിച്ചുകൊടുക്കുകയാണ് ചെയ്തത്. ഇതിനകം 18ലധികം പേർ അറസ്റ്റിലായി. വിവിധ ബോർഡുകളിലും കോർപറേഷനുകളിലുമുള്ള ഫസ്റ്റ് ഡിവിഷനൽ അസിസ്റ്റന്റുമാരുടെ ഒഴിവിലേക്കായിരുന്നു പരീക്ഷ നടത്തിയത്. മുമ്പ് പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷയിൽ നടന്ന വൻ ക്രമക്കേടിലെ സൂത്രധാരനുമാണ് ആർ.ഡി. പാട്ടീൽ.
ഈ പരീക്ഷയിൽ നടന്ന ക്രമക്കേടിനെ തുടർന്നാണ് കെ.ഇ.എയുടെ പുതിയ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ തലമറയുന്ന തരത്തിൽ അനാവശ്യമായി തൊപ്പി, സ്കാർഫ് തുടങ്ങിയവ ധരിക്കുന്നത് നിരോധിച്ചിരിക്കുന്നത്. അതേ സമയം, ഹിജാബ് ധരിച്ച് വരുന്നവർക്ക് നിരോധനമില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി എം.സി. സുധാകർ അറിയിച്ചിട്ടുണ്ട്. ഇവർ പരിശോധനക്കായി ഒരു മണിക്കൂർ മുമ്പ് പരീക്ഷകേന്ദ്രങ്ങളിൽ എത്തണം. തലമറക്കുന്ന വസ്ത്രങ്ങൾ പാടില്ലെന്ന നിർദേശത്തെ തെറ്റിദ്ധരിപ്പിക്കുന്ന, ഹിജാബിന് വിലക്കെന്ന രൂപത്തിൽ ചിലർ പ്രചരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.