ശർക്കര നിർമ്മാണ ഫാക്ടറി മറയാക്കി ഭ്രൂണഹത്യ കേന്ദ്രം; ഡോക്ടർമാരും കൂട്ടാളികളും അറസ്റ്റിൽ

മംഗളൂരു: മാണ്ട്യയിൽ ശർക്കര നിർമ്മാണ ശാലയുടെ മറവിലും മൈസൂറുവിലെ സ്വകാര്യ ആശുപത്രികളിലുമായി നടത്തി വന്ന ഭ്രൂണഹത്യ വ്യാപാര സംഘത്തെ ബൈയപ്പനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂറുവിലെ ഡോ.ചന്ദ്രൻ ബല്ലാൾ,ഡോ.തുളസീധരൻ, ലബോറട്ടറി ടെക്നീഷ്യൻ നിസാർ, ആശുപത്രി മാനജർമീന,റിസപ്ഷ്യനിസ്റ്റ് റിസ്മ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

മൂന്ന് വർഷത്തോളമായി പ്രവർത്തിക്കുന്ന റാക്കറ്റ് തൊള്ളായിരത്തോളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയതായാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. 30,000 രൂപ വരെയാണ് ഓരോ ഭ്രൂണഹത്യക്കും ഈടാക്കി വന്നത്. മൈസൂറു ഉദയഗിരിയിലെ*മാത ഹോസ്പിറ്റൽ,*ഡോ.രാജ്കുമാർ ആയുർവേദ ആശുപത്രി മൂലക്കുരു പരിശോധന കേന്ദ്രം എന്നിവയാണ് പൊലീസ് പറയുന്ന കേന്ദ്രങ്ങൾ.

മാണ്ട്യയിലെ സ്കാനിംഗ് കേന്ദ്രം പുറം കാഴ്ചയിൽ വെറും പഞ്ചസാര ഉപോല്പന്ന ഫാക്ടറി മാത്രമാണ്.കരിമ്പിൻ ചണ്ടി കൂമ്പാരത്തിലാണ് ആദ്യം ആരുടേയും നോട്ടം പതിയുക.കഴിഞ്ഞ മാസം മാണ്ട്യയിൽ ഈ ഫാക്ടറിയിലേക്ക് കാറിൽ ഗർഭിണിയെയും കൊണ്ട് പോവുന്നത് പിടിയിലായിരുന്നു.ഇതുമായി ബന്ധപ്പെട്ട് പിടിയിലായ വീരേശ് എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഭ്രൂണഹത്യ വ്യാപാരത്തെക്കുറിച്ച് അറിവ് ലഭിച്ചത്.ഇയാളേയും തുടർന്ന് ശിവലിംഗ ഗൗഡ, നയൻകുമാർ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.

അവിഹിത ഗർഭം,ലിംഗനിർണയത്തിലൂടെ പെൺ ഭ്രൂണം എന്നിവയാണ് റാക്കറ്റ് ഹത്യ നടത്തി വന്നത്. ഗർഭസ്ഥ ശിശു ആണാണെങ്കിൽ നിർണയത്തിനുള്ള ഫീസ് മാത്രം ഈടാക്കും. മാണ്ട്യ ശർക്കര ഫാക്ടറിയിൽ പ്രവർത്തിക്കുന്ന അൾട്രാസൗണ്ട് സ്‌കാൻ സെന്റർ അറസ്റ്റിലായവരുടെ മൊഴിയെത്തുടർന്ന് പൊലീസ് പരിശോധിച്ചു. നിലവാരം കുറഞ്ഞ സ്കാൻ യന്ത്രം പിടിച്ചെടുത്തിട്ടുണ്ട്. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഭ്രൂണഹത്യക്കായി ആളുകൾ എത്തുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.