ബംഗളൂരു: കർണാടക മുൻ മന്ത്രിയും ബാഗൽകോട്ടിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയുമായ എച്ച്.വൈ. മേട്ടി (79) അന്തരിച്ചു. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വസന പ്രശ്നങ്ങൾക്കും വാർധക്യസഹജ അസുഖങ്ങൾക്കും ചികിത്സയിലായിരുന്നു. ബാഗൽകോട്ട് നഗരവികസന അതോറിറ്റിയുടെ ചെയർമാനായിരുന്നു. ബുധനാഴ്ച ഉച്ചക്കുശേഷം അന്ത്യകർമങ്ങൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. 1989, 1994, 2004 വർഷങ്ങളിൽ ജനതാദൾ അംഗമായി മേട്ടി ഗുലേദ്ഗുഡ്ഡ നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്തു.1994 വനം മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1996ൽ ബാഗൽകോട്ടിൽനിന്ന് എം.പിയായും തെരഞ്ഞെടുക്കപ്പെട്ടു.
മണ്ഡല പുനർനിർണയത്തിനുശേഷം 2008ൽ അദ്ദേഹം കോൺഗ്രസ് ടിക്കറ്റിൽ ബാഗൽകോട്ടിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
2013ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. അന്നത്തെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിൽ എക്സൈസ് മന്ത്രിയായി. 2018ൽ പരാജയപ്പെട്ടു. മേട്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി. "വിശ്വസ്തനായ ഒരു നേതാവിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. ഇത് വ്യക്തിപരമായ നഷ്ടമാണ്" -സിദ്ധരാമയ്യ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.