പോക്സോ കേസ് പ്രതിയായ അധ്യാപകൻ എസ്‌.പി ഓഫിസിൽനിന്ന് ചാടി മരിച്ചു

ബംഗളൂരു: കർണാടകയിലെ രാമനഗരയിൽ പോക്സോ കേസ് പ്രതിയായ അധ്യാപകൻ എസ്‌.പി ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരം അറസ്റ്റിലായ 49 കാരനായ അധ്യാപകൻ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. കർണാടകയിലെ ബംഗളൂരു സൗത്ത് ജില്ലാ എസ്‌.പി ഓഫീസ് സമുച്ചയത്തിൽ ഞായറാഴ്ചയാണ് നാടിനെ ഞെട്ടിച്ച ഈ അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിജയനഗര ജില്ല സ്വദേശിയായ ഇയാൾ ചണ്ണപട്ന താലൂക്കിലെ ഒരു സ്വകാര്യ സ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. സ്കൂളിലെ നിരവധി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയെ തുടർന്ന് ശനിയാഴ്ച വൈകുന്നേരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് കർശനമായ നിയമനടപടികളുടെ ഭാഗമായി ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിന് മുൻപുള്ള മറ്റ് ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ഞായറാഴ്ച ഇയാളെ എസ്‌പി ഓഫീസിലേക്ക് എത്തിച്ചിരുന്നത്.

എസ്‌.പി ഓഫീസ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മെഷർമെന്റ് കലക്ഷൻ യൂണിറ്റിൽ വിരലടയാളം രേഖപ്പെടുത്തുന്നതിനിടയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. നടപടികൾ കഴിഞ്ഞ് പൊലീസ് വാഹനത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടയിൽ ഒപ്പമുണ്ടായിരുന്ന കോൺസ്റ്റബിളിനെ തള്ളിമാറ്റി ഇയാൾ കൈവരിയിലേക്ക് ഓടിച്ചെന്ന് താഴേക്ക് ചാടുകയായിരുന്നു. ദൃശ്യങ്ങൾ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്.

Tags:    
News Summary - Teacher accused in POCSO case jumps to death from SP office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.