ബംഗളൂരു: 2026-27ലെ കർണാടക അപ്രോപ്രിയേഷൻ ബിൽ പ്രകാരമുള്ള 7042.69 കോടി രൂപയുടെ അനുബന്ധ ബജറ്റ് എസ്റ്റിമേറ്റുകളുടെ ആദ്യ ഗഡു കർണാടക നിയമസഭ അംഗീകരിച്ചു. ധനവകുപ്പ് കൂടി വഹിക്കുന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് നിയമസഭയുടെ ഇരുസഭകളിലും ഈ നിർദ്ദേശം അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
മൊത്തം തുകയിൽ 4324.35 കോടി രൂപ റവന്യൂ ചെലവുകൾക്കും 2718.35 കോടി രൂപ മൂലധന ചെലവുകൾക്കുമായി നീക്കിവെച്ചു.ജലധാര പദ്ധതി പ്രകാരം 289 കോടി രൂപയുടെ മൊത്തം ഗ്രാൻഡും അനുബന്ധ എസ്റ്റിമേറ്റുകളിൽ ഉൾപ്പെടുന്നു. വരൾച്ച മേഖലയിൽ കുടിവെള്ളം എത്തിക്കുന്നതിനായി ഓരോ ഗ്രാമീണ നിയമസഭ മണ്ഡലത്തിനും ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ബംഗളൂരു നഗരത്തിലെ റോഡ് വികസനത്തിനായി അടിസ്ഥാന സൗകര്യ മൂലധനമായി 1000 കോടി രൂപ നിർദ്ദേശിച്ചിട്ടുണ്ട്.
അനുബന്ധ ബജറ്റിൽ റോസ്ഗാർ പദ്ധതിക്കുള്ള വിക്സിത് ഭാരത് ഗ്യാരണ്ടിക്ക് 2918 കോടി രൂപയും ഭാരത് ജോഡോ യൂത്ത് ക്ലബ്ബുകൾക്ക് 781 കോടി രൂപയും അമൃത് പദ്ധതിക്ക് കീഴിൽ 708 കോടി രൂപയും ഉൾപ്പെടുന്നു. റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്കുള്ള സർക്കാർ മോട്ടോർ വാഹന നികുതി ഇക്വിറ്റി ഷെയറിൽ മാറ്റം വരുത്തുന്നതിനായി 193.61 കോടി രൂപയും പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന് 152.72 കോടി രൂപയും പ്രധാൻ മന്ത്രി ആവാസ് യോജനക്ക് (ഗ്രാമീണ) 93 കോടി രൂപയും നൽകും.
വിശ്വേശ്വരായ ജല നിഗത്തിന് 91 കോടി രൂപയും കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) ബസുകൾ വാങ്ങുന്നതിന് ഗ്രാന്റായി 96 കോടി രൂപയും അനുവദിച്ചു. മറ്റ് വിവിധ പദ്ധതികൾക്കായി 738 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.