മംഗളൂരു: ബണ്ട്വാൾ താലൂക്കിലെ വിറ്റൽ കസബ ഗ്രാമത്തിലെ സ്ത്രീയെ മുല്ലപ്പൂ കൃഷിക്ക് വൻ തുക സർക്കാർ സബ്സിഡി വാഗ്ദാനം ചെയ്ത് 70 ലക്ഷം രൂപ വഞ്ചിച്ചതായി പരാതി. ബീന റോഡ്രിഗസാണ് (55) തട്ടിപ്പിനിരയായത്. പരിചയക്കാരിയായ ഫിലോമിന ഡിസൂസ കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ സമീപിച്ച് ഉയർന്ന സബ്സിഡിയുള്ള മുല്ലപ്പൂ കൃഷിക്കുള്ള സർക്കാർ വായ്പക്ക് താൻ അർഹയാണെന്ന് അവകാശപ്പെട്ടതായി പരാതിയിൽ പറഞ്ഞു.
സബ്സിഡി അപേക്ഷ സമർപ്പിക്കാൻ 30,000 രൂപ പ്രാരംഭ തുക നൽകണമെന്ന് ഫിലോമിന ബീനയെ ബോധ്യപ്പെടുത്തി. പരാതിയിൽ ബീനയെ വിശ്വസിച്ച് തുക കൈമാറി. തൊഴിൽ സൃഷ്ടിക്കൽ പദ്ധതി പ്രകാരം 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 10 ലക്ഷം രൂപ അധിക വായ്പ ലഭിക്കുമെന്നും അതിൽ 75 ശതമാനം എഴുതിത്തള്ളുമെന്നും പ്രതി പിന്നീട് പരാതിക്കാരിയോട് പറഞ്ഞു.
വിവിധ കാരണങ്ങൾ പറഞ്ഞും കൂടുതൽ സബ്സിഡി തുക അനുവദിക്കുമെന്നും വായ്പാ പലിശ തിരികെ നൽകുമെന്നും ഉറപ്പുനൽകിയും കൂടുതൽ പണം നൽകാൻ ബീനയെ പ്രേരിപ്പിച്ചു. 2024 ഒക്ടോബർ മൂന്നിനും ഈ മാസം 19നും ഇടയിൽ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളൊന്നും നൽകാതെ പ്രതി പരാതിക്കാരിയിൽനിന്ന് ഒന്നിലധികം ഗഡുക്കളായി 70 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ആരോപണം. വിട്ടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.