പരപ്പന അഗ്രഹാര ജയിലിന്റെ ചുമതല ഐ.പി.എസ് ഓഫിസർക്ക്

ബംഗളൂരു: പരപ്പന അഗ്രഹാര ജയിലിൽ പ്രതികൾക്ക് വി.ഐ.പി പരിഗണന ലഭിച്ച സംഭവത്തിൽ ജയിൽ ചീഫ് സൂപ്രണ്ട് കെ. സുരേഷിനെ സ്ഥലംമാറ്റി. ജയിൽ സൂപ്രണ്ട് മഗേരി, അസിസ്റ്റന്റ് സൂപ്രണ്ട് അശോക് ഭജന്ത്രി എന്നിവരെ സസ്പെൻഡ് ചെയ്തതായും ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു.

ജയിലിന്റെ ചുമതല ഇനി ഐ.പി.എസ് ഓഫിസർക്കായിരിക്കും. ജയിലിലെ സി.സി ടി.വികളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രം ബംഗളൂരുവിൽ ആരംഭിക്കും. സംഭവം അന്വേഷിക്കാൻ എ.ഡി.ജി.പി ആർ. ഹിതേന്ദ്രയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു. പൊലീസ് ഐ.ജി സന്ദീപ് പാട്ടീൽ, പൊലീസ് സൂപ്രണ്ടുമാരായ അമാനത്ത് റെഡ്ഡി, സി.ബി. റിഷ്യന്ത് എന്നിവർ അംഗങ്ങളായിരിക്കുമെന്നും പരമേശ്വര ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ജയിലിൽ പ്രതികൾ ആൻഡ്രോയ്ഡ് ഫോണുകൾ ഉപയോഗിക്കുന്നതും ടി.വി. കാണുന്നതുമായുള്ള വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നിരവധി ബലാത്സംഗക്കേസുകളിലെ പ്രതിയും ജീവപര്യന്തം തടവുകാരനുമായ ഉമേഷ് റെഡ്ഡി രണ്ട് മൊബൈൽ ഫോണുകളാണ് ഉപയോഗിക്കുന്നത്. സ്വർണക്കടത്ത് കേസ് പ്രതി തരുൺ രാജുവും എൻ.ഐ.എ കേസിലെ പ്രതികളുമടക്കം ഫോൺ ഉപയോഗിക്കുന്നതും ടി.വി കാണുന്നതും വിഡിയോയിലുണ്ട്. ജയിലിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. ക്രിമിനൽ കേസ് പ്രതി ജന്മദിനം ആഘോഷിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു.

Tags:    
News Summary - IPS officer takes charge of Parappana Agrahara Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.