ബംഗളൂരു: ഏറെക്കാലത്തെ ചർച്ചകൾക്കും പരീക്ഷണങ്ങൾക്കും ശേഷം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ സംസ്ഥാനത്ത് യാഥാർഥ്യമാകുന്നു.വൈദ്യുതി വ്യവസായത്തിലെ ഭാവി ഇനി ഇത്തരം മീറ്ററുകളിലായിരിക്കുമെന്നും വകുപ്പിനും ഉപഭോക്താക്കൾക്കും ഒരുപോലെ ഉപയോഗപ്രദമാണ് ഇതെന്നും ബാംഗ്ലൂർ ഇലക്ട്രിസിറ്റി സൈപ്ല കമ്പനി (ബെസ്കോം) അധികൃതർ പറഞ്ഞു.
വ്യവസായ മേഖലകളിലാണ് ഇത്തരം മീറ്ററുകൾ സ്ഥാപിക്കുക. ഉപഭോക്താക്കളുടെ വൈദ്യുതി ഉപഭോഗം എത്രയെന്ന് വൈദ്യുതി വകുപ്പ് ഓഫിസിൽ ഇരുന്നുതന്നെ സ്മാർട്ട് മീറ്ററിലൂടെ അറിയാനാകും. ഉപഭോഗത്തിലെ കൃത്യതയടക്കം വിവിധ കാര്യങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ് ഇത്തരം മീറ്ററുകൾ. എന്നാൽ ആദ്യഘട്ടത്തിൽ ഇവ സ്ഥാപിക്കുന്ന നടപടികൾക്കടക്കം കോടിക്കണക്കിന് രൂപ ആവശ്യമാണ്.
അടുത്ത ദിവസങ്ങളിൽ ഹൊസകോട്ടെ, നീലമംഗല, ചന്ദാപുര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമായി 1049 സ്മാർട്ട് മീറ്ററുകളാണ് ബെസ്കോം സ്ഥാപിക്കുക. കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷൻ (കെ.ഇ.ആർ.സി) ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.എച്ച്.ടി (ഹൈ ടെൻഷൻ) ലൈനുകളിലെ വൈദ്യുതി ഉപഭോഗം ഓട്ടോമേറ്റഡ് മീറ്റർ റീഡിങ് സംവിധാനം (എ.എം.ആർ) ഉപയോഗിച്ച് നിരീക്ഷിക്കണമെന്നാണ് അതോറിറ്റിയുടെ ഉത്തരവ്.
അടുത്തിടെ നഗരത്തിലാകമാനം പഴയ മീറ്ററുകൾ മാറ്റി വൈദ്യുതി വകുപ്പ് പുതിയ ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിച്ചിരുന്നു. മിനിറ്റിൽ എത്ര വൈദ്യുതി ഉപയോഗിക്കുന്നു എന്ന രൂപത്തിൽ കൂടുതൽ കൃത്യമായാണ് ഡിജിറ്റൽ മീറ്ററുകളിൽ റീഡിങ് നടക്കുന്നത്. പഴയ മീറ്ററുകളിൽ ഇത്തരത്തിൽ നടന്നിരുന്നില്ല.പുതിയ മീറ്ററുകൾ സ്ഥാപിച്ച ശേഷം കൂടുതൽ വൈദ്യുതി ബിൽ വരുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.