ബംഗളൂരു: നുണപ്രചാരണങ്ങളും അസത്യങ്ങളുമാണ് കൂട്ടക്കൊലകൾക്കും അന്യായത്തിനും വൻരാഷ്ട്രങ്ങളും കുത്തകകളും എക്കാലത്തും ഉപയോഗിച്ചതെന്ന് പ്രശസ്ത എഴുത്തുകാരി വി.എസ്. ബിന്ദു.
ബാംഗ്ലൂർ സി.പി.എ.സി നടത്തിയ ‘സത്യാനന്തര കാലം, മാധ്യമം, സാഹിത്യം’ ചർച്ചയിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അവർ. ഇസ്രായേൽ ഇപ്പോൾ ഗസ്സയിൽ നടത്തുന്ന നരമേധത്തിന് മാധ്യമങ്ങളുടെ പരോക്ഷ പിന്തുണയുണ്ട്. ഭയവും നുണകളുമാണ് രാജ്യം ഭരിച്ചിരുന്നതെന്ന് ഹിറ്റ്ലറുടെ കാലത്തെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ ലക്ഷക്കണക്കിന് യഹൂദർ ഇരകളായിട്ടുണ്ട്. ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 12 കുട്ടികൾ ഒരിക്കൽ ടാഗോറിന്റെ ഡാക് ഘർ (പോസ്റ്റോഫിസ് ) നാടകമായി അവതരിപ്പിച്ചു. പിറ്റേന്ന് അവരെയും നാടകം സംവിധാനം ചെയ്ത വ്യക്തിയെയും നാസികൾ വെടിവെച്ചുകൊന്നു. അതിന്റെ ഓർമ നിലനിർത്താൻ സ്ഥാപിച്ച വെങ്കല ശിൽപം ഇപ്പോഴും ഇസ്രായേലിന്റെ മുറ്റത്തുണ്ട്.
എങ്കിലും ഗസ്സയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കാൻ അവർക്കത് തടസ്സമാകുന്നില്ല. ഹിറ്റ്ലറുടെ നുണയുഗം അവസാനിപ്പിച്ചതുപോലെ എല്ലാ അസത്യ പ്രചാരണങ്ങളെയും ജനതയുടെ നൈതികത കീഴടക്കും എന്നതാണ് ചരിത്രം. ഗുജറാത്ത് വംശഹത്യക്കാലത്ത് കൈ തൊഴുതുകൊണ്ട് അപേക്ഷിക്കുന്ന കുത്ബുദ്ദീന്റെ ചിത്രവും യൂനിയൻ കാർബൈഡ് ദുരന്തത്തിന്റെ പ്രതീകമായ അടക്കം ചെയ്ത കുഞ്ഞിന്റെ മുഖം മാത്രം കാണുന്ന ചിത്രവും എക്കാലത്തെയും ഓർമപ്പെടുത്തലുകളാണ്.
കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കാൻ അസത്യങ്ങളുടെ ഫാക്ടറിയിൽനിന്ന് നിർമിച്ചു വിടുന്ന നുണകൾ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. എന്നാൽ, കലയും സാഹിത്യവും ജനതയുടെ നൈതികതയും സത്യാനന്തര കാലത്തിന് വെല്ലുവിളി ഉയർത്തുമെന്നും വി.എസ്. ബിന്ദു പറഞ്ഞു. ന്യൂസ് ക്ലിക്കിന്റെ പ്രവർത്തകരെ കള്ളക്കഥകളുടെ പിൻബലത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടച്ചിരിക്കുകയാണ്. സത്യാനന്തര കാലത്തെ ചെറുക്കുന്നതിന്റെ പേരിലാണ് അവരെ ശിക്ഷിക്കുന്നത്.ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു. ശാന്തകുമാർ എലപ്പുള്ളി സ്വാഗതം പറഞ്ഞു.
വിദ്യാരണ്യപുരം കേരളസമാജം അധ്യക്ഷൻ ജി. ശശിധരൻ നായർ ചർച്ച ഉദ്ഘാടനം ചെയ്തു. റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് കലിസ്റ്റസ്, ഗീത നാരായണൻ, മുഹമ്മദ് കുനിങ്ങാട്, ടോമി ആലുങ്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സൗദ റഹിമാൻ, അൻവർ മുത്തില്ലത്ത്, വല്ലപ്പുഴ ചന്ദ്രശേഖരൻ, സുദേവൻ പുത്തൻചിറ എന്നിവർ കവിതകൾ ആലപിച്ചു. സി. കുഞ്ഞപ്പൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.