മംഗളൂരു: ഇൻഡിഗോ വിമാന സർവിസിലെ കുഴപ്പങ്ങൾ ഗൾഫ് ജോലി തേടുന്നവരെ പ്രതിസന്ധിയിലാക്കുന്നു. മംഗളൂരുവിൽ നിശ്ചയിച്ചിരുന്ന ജോലി അഭിമുഖങ്ങൾ പലതും അവസാന നിമിഷം മുംബൈയിലേക്ക് മാറ്റുകയാണ്. മംഗളൂരു വിമാനത്താവളത്തിൽനിന്നാണ് ഇൻഡിഗോ കൂടുതൽ സർവിസുകൾ നടത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ഇൻഡിഗോ പരമാവധി ബന്ധിപ്പിച്ചിരുന്നു. പ്രധാന ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ടോ ബന്ധിപ്പിച്ചോ സർവിസുകൾ നടത്തുന്നുണ്ടായിരുന്നു. തിങ്കളാഴ്ചക്കും വ്യാഴാഴ്ചക്കുമിടയിൽ മംഗളൂരു വിമാനത്താവളത്തിൽനിന്ന് പ്രതിദിനം എട്ട് ഇൻഡിഗോ വിമാന സർവിസുകൾ റദ്ദാക്കി. തീരദേശ മേഖലയിൽനിന്ന് തൊഴിൽ തേടി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരുന്നത്. താരതമ്യേന കുറഞ്ഞ ശമ്പളമുള്ള അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന ഏജൻസികൾ വഴിയാണ് പലരും പോയിരുന്നത്.
എന്നാൽ, ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനാൽ നിരവധി ഏജൻസികൾ അഭിമുഖ വേദികൾ മംഗളൂരുവിൽനിന്ന് മുംബൈയിലേക്ക് മാറ്റാൻ നിർബന്ധിതരായി. ഉദ്യോഗാർഥികൾക്ക് രണ്ട് ദിവസത്തെ അറിയിപ്പ് മാത്രമേ നൽകിയിട്ടുള്ളൂ. ഇത്തരം സാഹചര്യത്തിൽ അഭിമുഖങ്ങളിൽ പങ്കെടുക്കുക ബുദ്ധിമുട്ടാണെന്ന് മംഗളൂരു തുമ്പെയിൽനിന്നുള്ള ഉദ്യോഗാർഥി പറഞ്ഞു. വിമാന ടിക്കറ്റുകൾ ഇപ്പോൾ ചെലവേറിയതായി. ട്രെയിൻ, ബസ് ടിക്കറ്റുകൾപോലും ലഭിക്കാൻ പ്രയാസമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു ഉദ്യോഗാർഥിയും ഇതേ പ്രയാസം പങ്കിട്ടു. വിമാനയാത്രയിലെ കുഴപ്പങ്ങൾ തുടങ്ങിയിട്ട് ഒരാഴ്ചയായി. ഏജൻസികൾ പെട്ടെന്ന് അഭിമുഖ സ്ഥലം മാറ്റിയാൽ ഉദ്യോഗാർഥികൾ എങ്ങനെ യാത്ര ചെയ്യണമെന്ന് ആരാഞ്ഞ അദ്ദേഹം ഇത് അപകടകരമായ സാഹചര്യമാണെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം വലിയ ബുദ്ധിമുട്ട് നേരിടുകയാണെന്ന് റിക്രൂട്ടിങ് ഏജൻസികളും അറിയിച്ചു. മൂന്ന് ദിവസം മുമ്പ് തങ്ങളുടെ മാനേജർമാരിൽ ഒരാൾ ഡൽഹിയിൽ അഭിമുഖത്തിൽ പങ്കെടുത്തതായി നഗരത്തിലെ ഒന്നാംനിര ട്രാവൽ ഏജൻസികളിൽ ഒന്നിലെ ജീവനക്കാരൻ പറഞ്ഞു. അടുത്ത ദിവസം അദ്ദേഹത്തിന് മുംബൈയിൽ മറ്റൊരു അഭിമുഖം ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും വിമാനം റദ്ദാക്കി. അവസാന നിമിഷം ട്രെയിനിൽ എങ്ങനെയോ അവിടെ എത്തുകയായിരുന്നു. ഈ തടസ്സങ്ങൾ അഭിമുഖങ്ങളിലെ മോശം പ്രകടനത്തിന് കാരണമായി.
വിമാനം റദ്ദാക്കിയത് കാരണം യാത്ര ചെയ്യാൻ കഴിയാത്തതിനാൽ ഇൻഡിഗോ വിമാനം ബുക്ക് ചെയ്തിരുന്ന ഗൾഫ് കമ്പനി പ്രതിനിധിക്ക് ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന അഭിമുഖം മാറ്റേണ്ടിവന്നതായി മംഗളൂരുവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സമീപമുള്ള ട്രാവൽ ഏജൻസിയിലെ ജീവനക്കാരൻ പറഞ്ഞു. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളോട് അവസാന നിമിഷം മുംബൈയിലേക്ക് പോവാൻ തങ്ങൾ പറഞ്ഞു. പക്ഷേ, പലരും യാത്ര ചെയ്യാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.