ബംഗളൂരു: ഭിന്നശേഷിക്കാർക്കായി പ്രത്യേക തൊഴിൽമേള സംഘടിപ്പിക്കുമെന്ന് നൈപുണ്യ വികസന മന്ത്രി ശരണ്‍ പ്രകാശ് പട്ടീല്‍. തൊഴില്‍ മേഖലയില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ കണ്ഠീരവ സ്റ്റേഡിയത്തിൽ തൊഴില്‍മേള നടക്കും. നൈപുണ്യ വികസന, ഉപജീവന വകുപ്പാണ് തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് നിയമസഭയിലെ ചോദ്യോത്തര വേളയിൽ ബി.ജെ.പി എം.എൽ.എ ഗുരുരാജ് ഷെട്ടി ഗാണ്ടിഹോളിന്‍റെ ചോദ്യത്തിന് മറുപടിയായി പാട്ടീൽ പറഞ്ഞു.
ഭിന്നശേഷിക്കാരുടെ കഴിവുകള്‍ക്കനുയോജ്യമായ തൊഴിലവസരങ്ങൾ നൽകുന്നതിലൂടെ സാമ്പത്തിക സുരക്ഷിതത്വവും സ്വയംപര്യാപ്തതയും കൈവരിക്കാന്‍ സാധിക്കും. ഈ സാമ്പത്തിക വർഷം കർണാടക സ്കിൽ ഡെവലപ്മെന്‍റ് കോർപറേഷൻ (കെ.എസ്.ഡി.സി) സംസ്ഥാനത്തുടനീളമുള്ള ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലന പരിപാടികൾ നടപ്പാക്കും.
ഇതിനായി മൂന്ന് കോടി രൂപ ചെലവില്‍ 1000 ഉദ്യോഗാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലനം, ടൂൾ കിറ്റുകൾ, തൊഴിലവസരങ്ങൾ എന്നിവ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംരംഭകത്വ വികസന വകുപ്പ് മുഖേന ഭിന്നശേഷിക്കാർക്ക് സംരംഭകത്വ വികസന പരിശീലന പരിപാടികളും നടത്തും. സർക്കാർ ഉത്തരവു പ്രകാരം പരിശീലന പരിപാടികളിൽ ഭിന്നശേഷിക്കാർക്കുള്ള സംവരണം മൂന്ന് ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി വർധിപ്പിച്ചു.
2017 മുതൽ 2025 വരെ രജിസ്റ്റർ ചെയ്ത 540 ഭിന്നശേഷി ഉദ്യോഗാര്‍ഥികൾ വിവിധ പരിശീലന സ്ഥാപനങ്ങൾ വഴി വിവിധ ജോലികളിൽ പരിശീലനം നേടിയിട്ടുണ്ടെന്നും അവരിൽ 83 പേർക്ക് ജോലി ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നൈപുണ്യ കർണാടക പദ്ധതി പ്രകാരം 10 ഭിന്നശേഷിക്കാർക്ക് പരിശീലനം ലഭിച്ചു. ബി.എം.എസ് വനിത കോളജിൽ അടുത്തിടെ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 1,200 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തതായും അതിൽ 75 പേർക്ക് ഔദ്യോഗിക കണക്കുകൾ പ്രകാരം തൊഴിൽ നൽകിയതായും അദ്ദേഹം സഭയെ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.