ബംഗളൂരു: നാല് സംസ്ഥാന ഗതാഗത കോർപറേഷനുകളുടെയും ബസുകളിലും ബസ് സ്റ്റാൻഡ് പരിസരത്തും ബസ് സ്റ്റോപ്പുകളിലും പുകയില ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ പരസ്യങ്ങൾ ഉടനടി നിരോധിക്കാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉത്തരവിട്ടു.
കർണാടകയിലുടനീളമുള്ള സർക്കാർ ബസുകളിൽ ബസ് റാപ്പ് ഔട്ട്-ഓഫ്-ഹോം പരസ്യങ്ങൾ പ്രദർശിപ്പിച്ചതിനെതിരെ പൊതുജനങ്ങളിൽനിന്ന് വൻ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണിത്. പുകയില ഉൽപന്നങ്ങളുടെ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ നടത്തുന്ന ബസുകളിലോ ബസ് സ്റ്റാൻഡുകളിലോ ഉടനടി പ്രാബല്യത്തിൽ വരുന്ന രീതിയിൽ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവിൽ മന്ത്രി നിർദേശിച്ചിട്ടുണ്ട്.
അത്തരത്തിലുള്ള ഏതെങ്കിലും പരസ്യങ്ങൾ ഇതിനകം നിലവിലുണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതിനായി പ്രത്യേക സമയപരിധി നിശ്ചയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നിശ്ചിത കാലയളവിനുള്ളിൽ പുകയിലയുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങളും നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉത്തരവിൽ കൂട്ടിച്ചേർത്തു.കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഡബ്ല്യു.കെ.ആർ.ടി.സി, കെ.കെ.ആർ.ടി.സി എന്നീ നാല് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്കും നിർദേശം ബാധകമാണ്. പരസ്യങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പാലിക്കൽ മേൽനോട്ടം വഹിക്കുന്നതിനും അതത് കോർപറേഷനുകളുടെ മാനേജിങ് ഡയറക്ടർമാർ ഉത്തരവാദികളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.