സാമൂഹികമായ നീതിനിഷേധത്തെ ഒന്നിച്ചെതിർക്കണം- വി.എസ്. ബിന്ദു ടീച്ചർ

ബംഗളൂരു: എവിടെയുമുള്ള സാമൂഹിക നീതി നിഷേധത്തെ മനുഷ്യർക്കൊന്നിച്ചെതിർക്കാൻ കഴിയണമെന്ന് കവിയും സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ വി.എസ്. ബിന്ദു ടീച്ചർ പറഞ്ഞു. സി.പി.എ.സിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ബംഗളൂരുവില്‍ ഏർപ്പെടുത്തിയ ‘അവളോടൊപ്പം അതിജീവിതകളോടൊപ്പം’ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. അതിജീവിതർക്കൊപ്പമെന്നാല്‍ എല്ലാവർക്കുമൊപ്പമുള്ള പരിശീലനമാണ് ലക്ഷ്യം. തലമുറകൾ കൈമാറുന്ന കഥപറച്ചിലുകൾ കാലാനുസൃതമായ മാറ്റം വരുത്തി മൂല്യബോധങ്ങളെ സർഗാത്മകമായി അവതരിപ്പിക്കണം. വെടിയുണ്ടക്ക് ഒരു തുള മാത്രമേ ഉണ്ടാക്കാൻ പറ്റൂ.

പക്ഷേ ബലാത്സംഗവും റേപ്പും അതിജീവിതർക്ക് അഗാധമായ മാനസിക സംഘർഷവും അപമാനവും സൃഷ്ടിക്കുന്നതിനപ്പുറം ശരീരത്തെ അത് അരിപ്പപോലെയാക്കും. നമുക്കെല്ലാ ബന്ധങ്ങളുണ്ടെങ്കിലും അവര്‍ നമ്മുടേതാണ് എന്നു പറയാന്‍ പറ്റാത്ത സാഹചര്യമാണ് ലോകത്തില്‍ നിലവിലുള്ളത്. വി.ടി. ഭട്ടതിരിപ്പാടിലൂടെയാണ് കുറ്യേടത്ത് താത്രിക്കുട്ടിക്കെതിരെ നടന്ന സ്മാർത്ത വിചാരത്തിന്‍റെ ജീർണത സമൂഹം അറിഞ്ഞത്. ഇത് ജെണ്ടർ ഫ്‌ളൂയിഡിറ്റിയുടെ കാലമാണ്. ലിംഗ വൈവിധ്യം അംഗീകരിച്ച് അതിനോട് ഒത്തു പോകാനും സമൂഹം പഠിക്കേണ്ടതുണ്ട്. ഭരണഘടനയുടെ ആമുഖം ഓരോ വീടിന്‍റെ പൂമുഖത്തുണ്ടാവണം. ആർട്ടിക്കിൾ 21 ഉറപ്പു നൽകുന്ന സംരക്ഷ പൂർണമായി നടപ്പാക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്. രാഷ്ട്രീയം രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളാണെന്ന് കുട്ടികൾ മനസ്സിലാക്കണം. എന്താണ് ശരി എന്താണ് തെറ്റ് എന്ന് തിരിച്ചറിയാൻ അവർക്ക് കഴിയണം.

രാഷ്ട്രീയം സമഗ്രതല സ്പർശിയാണെന്ന് സ്ത്രീകളും തിരിച്ചറിയണം. അപ്പോഴാണ് കഠ് വ , ഉന്നാവോ, ഹത്രാസ് തുടങ്ങിയ സംഭവങ്ങളുടെ ഭീകരതയുടെ ആഴം മനസ്സിലാവുക. നീതിക്കുവേണ്ടി നിയമ പോരാട്ടത്തിലൂടെയും ചങ്കുറപ്പോടെയും തലയുയർത്തി നിൽക്കുന്ന അതിജീവിതരെ നമ്മൾ അഭിമാനപൂർവം അഭിവാദ്യം ചെയ്യണം. അവരുയർത്തിയ പോരാട്ട വീര്യം ആത്മാഭിമാനത്തിന് കരുത്തു പകരുന്ന ഇടിമുഴക്കമായി സമൂഹത്തിൽ പടരുകയും വേണം.

തൊഴിലിടങ്ങളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും, അധികാരവും ശക്തിയും നിയമവും വിലക്കെടുക്കാത്ത ജനാധിപത്യ ബോധം പുലരാൻ നമ്മൾ നിരന്തരം ശബ്ദമുയർത്തുക തന്നെ ചെയ്യണം. സമസ്ത മേഖലകളിലും നേരിടേണ്ടി വരുന്ന എല്ലാവിധ ജീർണതക്കുമെതിരെ സർഗാത്മക പ്രതിരോധമുയർത്തി നമ്മൾ അതിജീവിതർക്കൊപ്പമെന്ന് ആവർത്തിച്ച് പ്രഖ്യാപിക്കണം.

അവസാനശ്വാസം വരെ നീതിക്കായി പോരാടിയും പ്രതിരോധങ്ങൾ തീർത്തും നമ്മൾ എപ്പോഴും എന്നും അവളോടൊപ്പവും അതിജീവിതരോടൊപ്പവും തോളോട് തോൾ ചേർന്ന് നിൽക്കണമെന്നും വി.എസ്. ബിന്ദു ടീച്ചർ പറഞ്ഞു. ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മ ദാസ് അധ്യക്ഷത വഹിച്ചു. സി.പി.എ.സി. പ്രസിഡന്‍റ് സി. കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു. ഡെന്നിസ് പോൾ ആമുഖ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ബംഗളൂരു യൂനിറ്റ് പ്രസിഡന്‍റ് സുരേഷ് കോഡൂർ സംവാദം ഉദ്ഘാടനം ചെയ്തു.

ബി.എസ്. ഉണ്ണികൃഷ്ണൻ, ആർട്ടിസ്റ്റ് ശ്രീനി, കാദർ മൊയ്തീൻ എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ, സൗദാ റഹ്മാൻ, രതി സുരേഷ്, രമ പ്രസന്ന, പി. ഗീത, സുഷമ ശങ്കർ, അർച്ചന സുനിൽ, കെ.എസ്. സീന, സ്മിത വത്സല, എൻ.കെ. ശാന്ത, ജഗത കല്യാണി എന്നിവർ കവിതകൾ ആലപിച്ചു. ശാസ്ത്രസാഹിത്യവേദി പ്രസിഡന്‍റ് കെ.ബി. ഹുസൈൻ ബിന്ദു ടീച്ചർക്ക് സ്നേഹോപഹാരം നൽകി. സി.പി.എ.സി പ്രസിഡന്‍റ് സി. കുഞ്ഞപ്പൻ സ്വാഗതവും ശാസ്ത്രസാഹിത്യ വേദി വൈസ് പ്രസിഡന്‍റ് ഷീജ റെനീഷ് നന്ദിയും പറഞ്ഞു.

Tags:    
News Summary - We must unite to fight social injustice - V.S. Bindu Teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.