ബംഗളൂരു: 2027ഓടെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാർട്ടപ്പ് ടെക് മ്യൂസിയം ബംഗളൂരുവിൽ സ്ഥാപിക്കും. ബയപ്പനഹള്ളി എൻ.ജി.ഇ.എഫ്. കാമ്പസിലെ സ്വിച്ച് ഗിയർ ഫാക്ടറി ഷെഡിനുള്ളിൽ 12,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് മ്യൂസിയം നിര്‍മിക്കുക. ഇലക്ട്രോണിക്സ്, ഐ.ടി. ആന്‍ഡ് ബി.ടി, എസ് ആന്‍ഡ് ടി വകുപ്പും അൺബോക്സിങ് ബി.എൽ.ആറും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് (പി.പി.പി) നിര്‍മാണം ഏറ്റെടുത്തിട്ടുള്ളത്.
കർണാടക ടെക്നോളജി ആൻഡ് ഇന്നൊവേഷൻ മ്യൂസിയം ഫൗണ്ടേഷന്‍റെ (കെ.ടി.ഐ.എം.എഫ്) കീഴിലായിരിക്കും പ്രവര്‍ത്തനം. മ്യൂസിയം സ്ഥലം രണ്ട് ഘട്ടങ്ങളായി വികസിപ്പിക്കും. ആദ്യ ഘട്ടം 2027ൽ പ്രവർത്തനക്ഷമമാകുമെന്ന് അൺബോക്സിങ് ബി.എൽ.ആറിന്‍റെ സഹസ്ഥാപകനും ചെയർപേഴ്‌സനുമായ പ്രശാന്ത് പ്രകാശ് പറഞ്ഞു. രണ്ടാം ഘട്ടം ഒരു വർഷത്തിനുശേഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 25 വർഷത്തിനിടയിൽ നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റമുണ്ടാക്കിയത് സാങ്കേതികവിദ്യയും ഡിജിറ്റൽ മേഖലയുമാണ്. ബംഗളൂരുവിന്‍റെ സംഭാവന അതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു.
ഭാവി എങ്ങനെയിരിക്കും എന്നുള്ള ഉൾക്കാഴ്ച മ്യൂസിയം നൽകും. മ്യൂസിയ നിര്‍മാണത്തിനുള്ള നിർദേശം അടുത്ത 30 ദിവസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. മ്യൂസിയത്തിന്റെ രൂപകൽപനക്കും നിർമാണത്തിനുമായി ഏകദേശം 100 കോടി രൂപ ബജറ്റ് അനുവദിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകളെയും കമ്പനികളെയും മ്യൂസിയത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുകയാണെന്നും പ്രശാന്ത് പ്രകാശ് പറഞ്ഞു. ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ബാംഗ്ലൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഹരി മാരാർ, ക്വസ് കോർപറേഷൻ പ്രതിനിധി അജിത് എബ്രഹാം ഐസക്, മെഴ്‌സിഡസ് ബെൻസ് ആർ ആൻഡ് ഡി പ്രതിനിധി മനു രാമചന്ദ്ര സാലെ, ലൈഫ്-ബെൻസ് ആർ ആൻഡ് ഡി പ്രതിനിധി കൃഷ്ണകുമാർ എന്നിവര്‍ ഉൾപ്പെടുന്ന ബോർഡ് ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്.
പ്രശാന്ത് പ്രകാശ് ആണ് ബോര്‍ഡ് അധ്യക്ഷന്‍. സംസ്ഥാന സർക്കാറിന്‍റെ പിന്തുണയുള്ള ഡീപ്-ടെക് ഇൻകുബേറ്റർ സംരംഭമായ ഇന്നോവേഴ്‌സിന് സമീപമായിരിക്കും മ്യൂസിയം. ഇന്നോവേഴ്‌സ് പദ്ധതിക്കായി ഏകദേശം 11,000 ചതുരശ്ര മീറ്റർ അനുവദിച്ചിട്ടുണ്ടെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.