പുത്തിഗെ കടലക്കേരെ നൂറാനി മസ്ജിദ് കൺവെൻഷൻ സെൻറർ ഡോ. എം. മോഹൻ ആൽവ
ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മൂഡബിദ്രി പുത്തിഗെ കടലക്കേരെ നൂറാനി മസ്ജിദ് പുതുതായി നിർമിച്ച പുത്തിഗെ കൺവെൻഷൻ സെന്റർ ഉദ്ഘാടന ചടങ്ങ് മാനവികതയുടെ സന്ദേശം വിതറി. വെറുപ്പിന്റെ പ്രചാരകർ ആധിപത്യം നേടാൻ ശ്രമിക്കുന്ന ജില്ലയിൽ ഇത്തരം വേദികൾ ഇനിയും ഉണ്ടാവണമെന്ന് വിവിധ തുറകളിലെ പ്രമുഖർ അഭിപ്രായപ്പെട്ടു.
മൂഡബിദ്രി ആൽവ എജുക്കേഷൻ ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. എം. മോഹൻ ആൽവ ഉദ്ഘാടനം നിർവഹിച്ചു. നമ്മുടെ പൂർവികർ പകർന്നു നൽകിയ ഒരുമയും സർവമത സാഹോദര്യവും ജീവിതത്തിൽ പകർത്തണമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ജാതിയും മതവും പൂർണമായി മനസ്സിലാക്കുകയും മറ്റ് ജാതികളെയും മതങ്ങളെയും ബഹുമാനത്തോടെയും സാഹോദര്യത്തോടെയും കാണുകയും ചെയ്യുന്നത് സൗഹാർദത്തിന്റെ അടയാളമാണ്-ആൽവ കൂട്ടിച്ചേർത്തു. മൂഡബിദ്രിയുടേയും പുത്തിഗെയുടേയും സാഹോദര്യം എന്നെന്നും കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത അലങ്കാർ ഹോളി റോസറി ചർച്ച് ഇടവക വികാരി മെൽവിൻ നൊറോണ പറഞ്ഞു.
മാനവികത വിളംബരം ചെയ്യുന്ന ചടങ്ങ് സംഘടിപ്പിക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് അധ്യക്ഷത വഹിച്ച പുത്തിഗെ നൂറാനി മസ്ജിദ് പ്രസിഡന്റ് അബുൽ അഅ് ലാ പുത്തിഗെ പറഞ്ഞു. അനാരോഗ്യത്തിലും സാമ്പത്തികമായും ബുദ്ധിമുട്ടുന്ന നാനാമതസ്ഥരായ പത്തോളം കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണവും ചടങ്ങിൽ നടന്നു.
കായികതാരം അമ്രിൻ, ആരോഗ്യ പ്രവർത്തക കെ. വിമല, അക്കാദമിക് പ്രവർത്തകരായ റിസ ഷെയ്ഖ് റിയാസ്, ഐഷ അംന ഷെയ്ഖ്, റിയ റഫീക്ക്, വ്യവസായി നസ്മ എന്നിവരുൾപ്പെടെ നിരവധി വ്യക്തികളെ അവരുടെ സംഭാവനകൾക്ക് ആദരിച്ചു. പുത്തിഗെ കൺവെൻഷൻ സെന്ററും നൂറാനി വെൽഫെയർ ട്രസ്റ്റും ചേർന്ന് പത്മശ്രീ ഹരേകല ഹാജബ്ബയെ പ്രത്യേകം ആദരിച്ചു.
മുൻ മന്ത്രി കെ. അഭയചന്ദ്ര ജെയിൻ, പുത്തിഗെ നൂറാനി മസ്ജിദ് വൈസ് പ്രസിഡന്റ് ഷെയ്ഖ് ബഷീർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഖയ്യൂം, പുത്തിഗെ ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് ഷെരീഫ്, വനിതാ സംരംഭക സാറാ അബ്ബാസ് തുടങ്ങിയവർ പങ്കെടുത്തു. കൺവെൻഷൻ സെന്ററിൽനിന്ന് ലഭിക്കുന്ന വരുമാനം പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കാനും നിരാലംബരായ വിദ്യാർഥികളെ പഠിപ്പിക്കാനും ഉപയോഗിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.