ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ മത്സരങ്ങൾക്ക് തത്ത്വത്തിൽ

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐ.പി.എൽ മത്സരങ്ങൾക്ക് സർക്കാർ തത്ത്വത്തിൽ അനുമതി നൽകിയതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. മത്സരങ്ങൾക്കുമുമ്പ് ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹ കമീഷൻ ശിപാർശ ചെയ്ത സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനോട് (കെ.എസ്‌.സി.‌എ) നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്റ്റേഡിയത്തിൽ ഐ.പി.എൽ മത്സരങ്ങൾക്ക് നിബന്ധനകളോടെ അനുമതി നൽകാൻ വ്യാഴാഴ്ച നടന്ന കർണാടക മന്ത്രിസഭ യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം ജൂൺ നാലിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ (ആർ‌.സി.‌ബി) ഐ‌.പി.‌എൽ വിജയാഘോഷത്തിനിടെ വേദിക്ക് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചതിനെത്തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ നിർത്തിവെക്കുകയായിരുന്നു. സംഭവത്തിന്‍റെ അന്വേഷണത്തിനായി ജസ്റ്റിസ് കുൻഹ കമീഷൻ രൂപവത്കരിച്ചു.

മത്സരം നടത്തുന്നതിന് കെ.എസ്‌.സി.‌എക്ക് തത്ത്വത്തിൽ അംഗീകാരം നൽകും. ജസ്റ്റിസ് കുൻഹ കമീഷൻ നൽകിയ ശിപാർശകൾ പാലിക്കണമെന്ന് അവരെ നേരത്തേ അറിയിച്ചിരുന്നു. പ്രധാനമായും മൂന്ന് നിര്‍ദേശങ്ങളാണ് പാലിക്കേണ്ടത്. ഉടനടി സ്വീകരിക്കേണ്ട നടപടികൾ, മത്സരങ്ങൾക്ക് മുന്നോടിയായി നടപ്പാക്കേണ്ട ഹ്രസ്വകാല നടപടികൾ, ദീർഘകാല അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയാണവ. മത്സരങ്ങൾക്കു മുമ്പ് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കെ‌.എസ്‌.സി.‌എക്ക് വ്യക്തമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കമീഷണർ മഹേശ്വര റാവു അധ്യക്ഷനായും ബംഗളൂരു പൊലീസ് കമീഷണർ സീമന്ത് കുമാർ സിങ്, അഗ്നിശമനസേന, ആരോഗ്യം, പി.ഡബ്ല്യു.ഡി വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി ഐ.പി.എൽ മത്സരങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്യും. കൂടാതെ പൊലീസ് വകുപ്പിൽനിന്ന് ആവശ്യമുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കും. കെ.എസ്.സി.എയോട് നിർദേശിച്ച നടപടികൾ ജസ്റ്റിസ് കുൻഹ കമീഷന്‍റെ ശിപാർശകൾ അനുസരിച്ചാണ്. പുതുതായി ഒന്നും ചെയ്തിട്ടില്ല.

ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. അതനുസരിച്ച് നിർദേശങ്ങൾ പുറപ്പെടുവിക്കും. കഴിഞ്ഞ 50 വർഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മത്സരങ്ങൾക്കിടെ അനിഷ്ട സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ല.

ആഘോഷങ്ങൾക്കിടയിലാണ് ദുരന്തം സംഭവിച്ചത്. ഭാവിയില്‍ ആഘോഷങ്ങൾ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. ജി.ബി.എ മേധാവിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കുൻഹ കമീഷൻ ശിപാർശ ചെയ്ത സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിൽ കെ.എസ്‌.സി.‌എ പരാജയപ്പെട്ടതിനാൽ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയ് ഹസാരെ ട്രോഫി മത്സരം നടത്താൻ സർക്കാർ അനുമതി നിഷേധിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിലെ ദുന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷണം നടത്തിയ കമീഷന്‍ സ്റ്റേഡിയത്തിന്‍റെ രൂപകൽപനയും ഘടനയും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ അനുയോജ്യമല്ലാത്തതും സുരക്ഷിതമല്ലെന്നുമുള്ള നിഗമനത്തിലെത്തിയിരുന്നു.

സ്റ്റേഡിയത്തിലേക്ക് കടക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേക ഗേറ്റുകള്‍, പ്രത്യേക ക്യൂ സൗകര്യം, മതിയായ പാര്‍ക്കിങ് സൗകര്യം എന്നിവ കമീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.

Tags:    
News Summary - Chinnaswamy Stadium to host IPL matches in principle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.