ഹൊരട്ടി എം.എൽ.സി പുതുമുഖ എം.എൽ.എമാരുമായി സൗഹൃദം പങ്കിടുന്നു. നിയമസഭ സ്പീക്കർ യു.ടി. ഖാദർ സമീപം
ബംഗളൂരു: നിയമസഭ സന്ദർശക ഗാലറിയിലേക്ക് ജനങ്ങൾക്ക് പാസ് നൽകുമ്പോൾ നല്ല സൂക്ഷ്മത പുലർത്തണമെന്ന് ബസവരാജ് ശിവലിംഗപ്പ ഹൊരട്ടി എം.എൽ.സി പുതുമുഖ എം.എൽ.എമാരെ ഉപദേശിച്ചു. നിയമസഭ സാമാജികർക്കായി സംഘടിപ്പിച്ച ബോധവത്കരണ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു ഏറ്റവും മുതിർന്ന ബി.ജെ.പി അംഗം. 44 വർഷത്തെ നിയമസഭ പ്രവർത്തനത്തിനിടയിൽ താൻ 18 മുഖ്യമന്ത്രിമാരെ കണ്ടിട്ടുണ്ടെന്ന് 77കാരനായ ഹൊരട്ടി പറഞ്ഞു. 12 മന്ത്രിസഭകളുമായും 2800 സാമാജികരുമായും ഇടപഴകാൻ ഭാഗ്യം ലഭിച്ചു.
പിതാവിന്റെ അടുത്ത സുഹൃത്തായിട്ടും തനിക്ക് നിയമസഭയിലേക്ക് പാസ് തരാൻ വിസമ്മതിച്ച പരേതനായ എം.എൽ.എ കൽകേരി മനസ്സിൽ എപ്പോഴുമുണ്ട്. കോളജ് വിദ്യാർഥിയായിരുന്ന കാലത്ത് ഞാൻ കൂട്ടുകാർക്കും എനിക്കും നിയമസഭ പാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് തിരിച്ചറിയൽ കാർഡ് നൽകാൻ കഴിയാത്തതിനാൽ പാസ് അനുവദിച്ചില്ല. ആ സൂക്ഷ്മതയുടെ പ്രാധാന്യം ഈയിടെ സന്ദർശക പാസിൽ പാർലമെന്റിൽ കയറിയവർ അക്രമം നടത്തിയ വേളയിൽ ഒന്നുകൂടി ബോധ്യപ്പെട്ടു.
വിവരങ്ങൾ വിരൽത്തുമ്പിലും ഉള്ളംകൈയിലും ലഭ്യമാവുന്ന ഡിജിറ്റൽ യുഗത്തിലാണ് പുതുമുഖങ്ങൾ. എന്നാൽ വിദ്യാർഥികളെപ്പോലെ അജണ്ടയുടെ കോപ്പികളും ലിംക ബുക്കും കൈയിലേന്തി വിധാൻ സൗദിയിലേക്ക് നടന്നുപോയ കാലം തന്റെ തലമുറയിലെ സാമാജികർക്ക് ഉണ്ടായിരുന്നു.
വിവരം ആർജിക്കാനും വിവരക്കേട് സഭയിൽ വിളമ്പാതെ കാക്കാനുമായിരുന്നു ബുക്ക് കരുതിയതെന്ന് ഹൊരട്ടി പറഞ്ഞു. ബജറ്റ് ചർച്ചകൾ കേവലം റോഡും പാലവും കയറലാവരുതെന്ന് അധ്യക്ഷത വഹിച്ച നിയമസഭ സ്പീക്കർ യു.ടി. ഖാദർ പറഞ്ഞു. ഉൾക്കാഴ്ചയോടെ വേണം ബജറ്റ് പ്രസംഗങ്ങൾ. മണ്ഡലത്തിൽ ഫണ്ട് എങ്ങനെ ചെലവാക്കണം, നേടിയെടുക്കണം എന്നൊക്കെ പഠിക്കേണ്ടതുണ്ടെന്ന് ഖാദർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.