ബംഗളുരു പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാറിൽ എം.എം. സചീന്ദ്രൻ സംസാരിക്കുന്നു
ബംഗളൂരു: ജനപഥങ്ങളിൽ സ്വാധീനം ചെലുത്തും വിധം കഥായുക്തമായ അതികൽപനകളിൽ ആഖ്യാനം ചെയ്യപ്പെട്ട പുരാവൃത്തങ്ങളിലെ ബിംബഭാഷകളുടെ ശരിയായ വിശകലനം, ചരിത്രപരവും ശാസ്ത്രീയവുമായ നേരറിവിനും സാംസ്കാരികവും രാഷ്ട്രീയവുമായ ദുരുപയോഗത്തെ ചെറുക്കുന്നതിനും അനിവാര്യമാണെന്ന് പ്രമുഖ എഴുത്തുകാരൻ എം.എം. സചീന്ദ്രൻ അഭിപ്രായപ്പെട്ടു. ബംഗളുരു പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ സെമിനാറിൽ ‘പുരാവൃത്തങ്ങളുടെ പുരോഗമന പരിപ്രേക്ഷ്യം’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിഹാസകഥകളിൽ അന്തർലീനമായ സാംസ്കാരിക വൈജാത്യങ്ങളുടെയും വിരുദ്ധമായി വർത്തിക്കുന്ന ആശയങ്ങളുടെയും തിരിച്ചറിവ് സംസ്കാരത്തിന്‍റെ ഏകശിലാവൽകരണത്തെ ചെറുക്കാൻ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏറെ പ്രസക്തി കൈവരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവിധ കാലഘട്ടങ്ങളിലെ കൂട്ടിച്ചേർക്കലുകളിലൂടെ വിസ്തൃതമാക്കപ്പെട്ട മഹാഭാരതത്തിൽ അതതുകാലത്തെ അധികാരരൂപങ്ങളുടെ പാഠാന്തരങ്ങൾ ദൃശ്യമാണ്.
അമ്പെയ്ത് വേട്ടയാടി ജീവിക്കുന്നവരുടെ പ്രതിനിധിയായ ഏകലവ്യൻ ധനുർവിദ്യയിൽ ദ്രോണഗുരുവിനെ കവച്ചുവെക്കുന്നത് സംഭവ്യവും സ്വാഭാവികവുമായ കാര്യവും അക്ഷയപാത്രമെന്നത് അടുക്കളയുടെ ബിംബ ഭാഷയും, ശാപമെന്നത് പതിതന്‍റെ നിസ്സഹായതയുടെ എതിർവാക്ക് മാത്രവുമായി കാണുന്ന കഥാപരതയിലെ ബിംബഭാഷയുടെ തിരിച്ചറിവ് നൽകുന്ന ചരിത്രപരമായ ബോധ്യമാണ് പുരാവൃത്തവായനയുടെ വെളിച്ചമാകേണ്ടത് -അദ്ദേഹം വിശദമാക്കി. സുരേഷ് കോടൂർ അധ്യക്ഷത വഹിച്ചു. ‘പാട്ടും പൊറാട്ടും’ പരിപാടിയിൽ പ്രശസ്ത ഫോക് ലോർ കലാകാരൻ മണ്ണൂർ ചന്ദ്രൻ പൊറാട്ട് കളിയും അനുബന്ധ കലാചരിത്രം വിവരിച്ചു.
അന്തരിച്ച പ്രമുഖ ചരിത്രകാരൻ കെ.എൻ. പണിക്കരെ ആർ.വി. ആചാരി അനുസ്മരിച്ചു. വല്ലപ്പുഴ ചന്ദ്രശേഖരൻ, എ. കെ. മൊയ്തീൻ കൊടുങ്ങല്ലൂർ, ബി.എസ്. ഉണ്ണിക്കൃഷ്ണൻ, ശാന്തകുമാർ എലപ്പുള്ളി, ഗീത നാരായണൻ, തോമസ്, എന്നിവർ സംസാരിച്ചു. സുദേവൻ പുത്തൻചിറ സ്വാഗതവും ഫിലിപ്പ് ജോർജ്ജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.