ബംഗളൂരു: സ്വകാര്യ, കൽപിത സർവകലാശാലകൾ നടത്തിയ ഗ്രാന്റ്-ഇൻ-എയ്ഡ് ‘കുംഭകോണ’ത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. റാണി ചെന്നമ്മ സർവകലാശാല മുൻ വൈസ് ചാൻസലർ എം. രാമചന്ദ്ര ഗൗഡയാണ് സമിതി അധ്യക്ഷൻ.
ഉന്നത വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി എം. ദയാനന്ദ്, കൊളീജിയറ്റ് വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ രാമകൃഷ്ണ റെഡ്ഡി, അക്കൗണ്ട്സ് മാനേജർ അചല ഹെഗ്ഡെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ മുനിരാജു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സ്വകാര്യ സ്ഥാപനം സംസ്ഥാന സർക്കാറിന്റെയോ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലോ ആയിരിക്കില്ല.
എന്നാൽ, അടുത്തിടെ ചില സ്ഥാപനങ്ങൾക്ക് കൽപിത യൂനിവേഴ്സിറ്റി പദവി ലഭിച്ചതിനുശേഷവും ഗ്രാന്റ് ഇൻ എയ്ഡ് ലഭിക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെത്തുടർന്ന് ഗ്രാന്റുകൾ ലഭിക്കാൻ കമ്മിറ്റി യോഗ്യരാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്- ഉത്തരവിൽ വകുപ്പ് പറയുന്നു.
ക്രൈസ്റ്റ്, സെന്റ് ജോസഫ്സ്, പി.ഇ.എസ് എന്നിവയുൾപ്പെടെ ചില സ്വകാര്യ, കൽപിത സർവകലാശാലകൾക്ക് സർക്കാറിൽനിന്ന് ഗ്രാന്റ്-ഇൻ-എയ്ഡ് ലഭിക്കുന്നത് തുടരുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ അന്വേഷണത്തിന് ഉത്തരവിടുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തത്.
പരിശോധിക്കാൻ കമ്മിറ്റിയോട് നിർദേശിച്ച കാര്യങ്ങൾ ഇവയാണ് : കൽപിത ആയി മാറിയതിനുശേഷവും സ്വകാര്യ സർവകലാശാലയായതിനുശേഷവും നിയമങ്ങൾ പ്രകാരം ഗ്രാന്റ്-ഇൻ-എയ്ഡ് തുടരാൻ വ്യവസ്ഥയുണ്ടോ?, കൽപിത ആയി മാറിയതിനുശേഷവും അല്ലെങ്കിൽ സ്വകാര്യ പദവി നൽകിയതിനുശേഷവും ചുരുക്കം ചില സ്ഥാപനങ്ങൾക്ക് ഗ്രാന്റ്-ഇൻ-എയ്ഡ് തുടരുന്നതിന് മുമ്പ് സർക്കാറിൽനിന്ന് ഏതെങ്കിലും എൻ.ഒ.സി വാങ്ങിയിട്ടുണ്ടോ? ഗ്രാന്റുകൾ തുടരുന്നതിനു മുമ്പ് ആ സ്ഥാപനങ്ങൾക്കായി നിശ്ചയിച്ച മാർഗനിർദേശങ്ങൾ/വ്യവസ്ഥകൾ എന്തൊക്കെയായിരുന്നു?.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.