ബംഗളൂരു: കർണാടക സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകളിലെ ജീവനക്കാരുടെ യൂണിയനുകൾ ബുധനാഴ്ച മുതൽ നടത്താനിരുന്ന പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി.
യാത്രക്കാർ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച ആശങ്കകൾ ഉന്നയിക്കുന്ന പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ സൂരജ് ഗോവിന്ദരാജ്, കെ മൻമധ റാവു എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 12.5 ശതമാനം ശമ്പള വർധനവ് ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും 450 കോടി രൂപ ജീവനക്കാർക്ക് വിതരണം ചെയ്തിട്ടുണ്ടെന്നും കോർപറേഷൻ അഭിഭാഷകൻ വാദിച്ചു.
ഗതാഗത മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ സാന്നിധ്യത്തിൽ മുതിർന്ന സെക്രട്ടറിമാർക്കൊപ്പം യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്താൻ ബെഞ്ച് നിർദേശിച്ചു. സർക്കാർ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ മേയ് 20 മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല ബസ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ തൊഴിലാളി യൂണിയനുകളുടെ ജോയന്റ് കൗൺസിൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ജീവനക്കാരുടെ 25 ശതമാനം ശമ്പള വർധനവ് എന്നതാണ് പ്രാഥമിക ആവശ്യം.
കുടിശ്ശിക വിതരണം പൂർണമായി തീർപ്പാക്കണമെന്നും ആവശ്യപ്പെടുന്നു. 26 മാസത്തെ കുടിശ്ശിക നൽകാൻ സർക്കാർ സമ്മതിച്ചിട്ടുണ്ടെങ്കിലും 38 മാസത്തെ മുഴുവൻ കുടിശ്ശികയും ഒറ്റ ഗഡുവായി 1,272 കോടി രൂപ നൽകണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.