ശിവശങ്കരപ്പ എസ്. സാഹുകാർ

പിഎസ്‍സി നിയമനത്തിന് കോഴ: കർണാടകയിൽ മുൻ ചെയർമാനും അംഗവും അറസ്റ്റിൽ; ഇഡി കസ്റ്റഡിയിൽ വിട്ടു

ബംഗളൂരു: 400 വെറ്ററിനറി ഓഫിസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ കർണാടക പി.എസ്‌.സി മുൻ ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുകാറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ വസതിയിൽ ഇ.ഡി രണ്ടാംതവണ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച കെ.എസ്‌.പി.സി അംഗം ബി.വി. ഗീതയും അറസ്റ്റിലായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇ.ഡി സംഘം ബംഗളൂരു ഡോളേഴ്സ് കോളനിയിലെ സാഹുകാറിന്റെ വീട്ടിൽ എത്തിയത്. ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സാഹുകാറിനെ ഉദ്യോഗസ്ഥർ വിശദമായി ചോദ്യംചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റ് 18 നും ഇ.ഡി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.

‘ചൊവ്വാഴ്ച രാത്രി പ്രതികളെ ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുകയും ഒരു ദിവസത്തേക്ക് ഇ.ഡിയുടെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ബുധനാഴ്ച ഉച്ചക്കുശേഷം ഇവരെ വീണ്ടും ബംഗളൂരു കോടതിയിൽ ഹാജരാക്കും. കൂടുതൽ കസ്റ്റഡിക്കായി ഇ.ഡി കോടതിയെ സമീപിക്കും’ -ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രാഥമിക തെളിവുകളുടെയും അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തിയ​തെന്നും അധികൃതർ വ്യക്തമാക്കി.

2024 ഫെബ്രുവരി മുതൽ 2026 മാർച്ച് വരെ കർണാടക പബ്ലിക് സർവിസ് കമീഷൻ പരീക്ഷാ കൺട്രോളറായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ജ്ഞാനേന്ദ്ര കുമാർ ഗാംഗ്വാറാണ് ക്രമക്കേട് ആരോപണം ഉന്നയിച്ചത്. പരീക്ഷ പാസാകാനും ജോലി നേടാനും ഉദ്യോഗാർത്ഥികളിൽ നിന്ന് കൈക്കൂലി വാങ്ങാൻ മുഖ്യ ഇടനിലക്കാരനായ ബസവരാജ് കണ്ണാലെയുമായി ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്നായിരുന്നു ആരോപണം.

ഉന്നത റാങ്ക് ലഭിക്കുന്നതിനായി ചില ഉദ്യോഗാർഥികൾ ഇടനിലക്കാർക്ക് വൻ തുക കൈക്കൂലി നൽകിയെന്ന ആരോപണത്തെ തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2019 മുതൽ കെ.എസ്‌.പി.സി അംഗമായിരുന്ന സാഹുകാർ, 2021 ലാണ് ചെയർമാനായി നിയമിതനായത്. അതേസമയം, അറസ്റ്റ് സംബന്ധമായി ഇ.ഡി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.